
മുംബൈ: സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള ചില താരങ്ങള്‍ ഇന്ത്യക്ക് ലോകകപ്പ് നേടിത്തരുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ലോകകപ്പ് ജയിക്കണമെങ്കില്‍ കോച്ചും സെലക്ടർമാരും ടീം മാനേജ്‌മെന്റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും കപില്‍ ദേവ് എബിപി ന്യൂസിനോട് പറഞ്ഞു.
രോഹിത്തും കോലിയും അതുപോലെ മറ്റ് രണ്ടോ മൂന്നോ കളിക്കാരും ചേര്‍ന്ന് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കുമെന്നാണ് ഇപ്പോഴും കരുതുന്നതെങ്കില്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് ടീമിന്‍റെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കി കോച്ചും സെലക്ടർമാരും ടീം മാനേജ്‌മെന്റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും.
അതിനാദ്യം ടീമിൽ വിശ്വസിക്കണം. നമുക്ക് അങ്ങനെയൊരു ടീമുണ്ടോ എന്ന് ചിന്തിക്കണം. തീർച്ചയായും. നമ്മുടെ ടീമില്‍ ചില മാച്ച് വിന്നർമാർ ഉണ്ട്. ലോകകപ്പ് നേടാന്‍ പ്രാപ്തിയുള്ളവരാണവര്‍. രോഹിതും കോലിയുമെല്ലാം അവരുടെ ജോലി ഭംഗിയായി ചെയ്തുകഴിഞ്ഞു. ഇനി യുവതാരങ്ങളാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇപ്പോഴും രോഹിത്തിനെയുപം കോലിയെയും നെടുന്തൂണായി കണ്ട് അവര്‍ക്ക് ചുറ്റും കളിക്കുന്നത് ടീം ഇന്ത്യ നിര്‍ത്തണം. പകരം, ടീമിന്‍റെ നട്ടെല്ലാവേണ്ട അഞ്ചോ ആറോ കളിക്കാരെയെങ്കിലും കണ്ടെത്തേണ്ടതുണ്ട്. കോലിയുടെയും രോഹിത്തിന്‍റെയും റോളുകള്‍ കൂടി ചെയ്യുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടതെന്നും കപില്‍ പറഞ്ഞു.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ
ഈ വർഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കഴിയുമ്പോൾ, രോഹിത്തിന് പ്രായം 37നോട് അടുക്കും. വിരാട് കോലിക്ക് പ്രായം 36 ആവും. അതുകൊണ്ടുതന്നെ അടുത്ത ലോകകപ്പിൽ ഇരുവരും കളിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കപിൽ പറഞ്ഞു. ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നു എന്നത് ഇന്ത്യക്ക് അനുകൂലമാണ്. സാഹചര്യങ്ങൾ നമ്മളേക്കാൾ നന്നായി മറ്റാർക്കും അറിയില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ടീമിലില്ലാത്ത രോഹിത്തും കോലിയും ജനുവരി 10ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!