
കൊല്‍ക്കത്ത: ഡല്‍ഹി ക്യാപിറ്റല്‍സ് ടീമംഗം അഭിഷേക് പൊറേലിന് തിരിച്ചടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ചിന്‍സുറ കോടതി താരത്തിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഓഗസ്റ്റ് 11-ന് കോടതിയില്‍ ഹാജരാക്കിയ താരത്തെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
23 കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേക് പൊറല്‍, ബംഗാളിനായും ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിക്കുന്ന താരമാണ്. ജൂണ്‍ 23 മുതല്‍ ഇദ്ദേഹം പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്നു. കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ യുവതിയാണ് മോസ്‌റ പോലീസ് സ്റ്റേഷനില്‍ താരത്തിനെതിരെ പരാതി നല്‍കിയത്.
ഇരുവരും മൂന്നര വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതായും വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 18 മാസം മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പോലീസില്‍ പരാതി എത്തുകയും ചെയ്തിരുന്നെങ്കിലും അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
പോലീസ് ചന്ദന്‍നഗറിലെ പൊറേലിന്റെ വസതിയില്‍ പലതവണ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുകയും, അഭിഷേക് പൊറേലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചാണ് പൊറേലിനെ അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ അടുത്ത വാദം കേള്‍ക്കുന്നതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!