ആദ്യ മത്സരത്തിൽ വിരാട് കോലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്.

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തിനായി ഇന്ത്യ നാളെ ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ നേടിയ എട്ട് വിക്കറ്റിന്‍റെ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ശുഭ്മൻ ഗില്ലും സംഘവും പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാളെ ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ വിരാട് കോലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്. തിരുവനന്തപുരത്ത് ഓപ്പണർമാരുടെ സെഞ്ചുറി കൂട്ടുകെട്ടിലൂടെ വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും, 40 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്‍റെ സ്പെല്ലാണ് സന്ദർശകരെ 295/7 റൺസിൽ തളച്ചിട്ടത്.

പ്ലെയിംഗ് ഇലവനിൽ മാറ്റമുണ്ടാകുമോ

പരമ്പരയിൽ 1-0 ന് മുന്നിലെത്തിയ ഇന്ത്യ രണ്ടാം മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. തിരുവനന്തപുരത്ത് എട്ട് ബാറ്റിംഗ് ഓപ്ഷനുകളും മൂന്ന് സ്പെഷ്യലിസ്റ്റ് ബൗളർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ടോപ്പ് ഓർഡർ ബാറ്റർമാർ തന്നെ കളി അവസാനിപ്പിച്ചതിനാൽ ബാറ്റിംഗ് നിരക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നില്ല.

ബൗളിംഗിൽ ഓൾ റൗണ്ടർ നിതീഷ് കുമാര്‍ റെഡ്ഡിയുടെ മോശം പ്രകടനമാണ് കാര്യവട്ടത്ത് ഇന്ത്യക്ക് തിരിച്ചടിയായത്. പ്രസിദ്ധിനൊപ്പം ന്യൂബോള്‍ എറിയാനെത്തിയ നിതീഷ് ആദ്യ ഓവറിൽ തന്നെ 18 റൺസ് വഴങ്ങിയിരുന്നു. മത്സരത്തില്‍ 5 ഓവറിൽ 45 റൺസാണ് നിതീഷ് വിട്ടുകൊടുത്തത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് നിതീഷിനെ വളർത്തിയെടുക്കാൻ മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ജസ്പ്രീത് ബുംറ ഏഷ്യൻ ഗെയിംസ് ടീമിലുള്ളതിനാൽ പേസ് നിരയ്ക്ക് കരുത്തു കൂട്ടാൻ മുഹമ്മദ് സിറാജിനെ നാളെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും.

അതേസമയം, അരങ്ങേറ്റ മത്സരത്തിൽ അഞ്ച് ഓവറിൽ 33 റൺസ് വഴങ്ങിയ ഓൾ റൗണ്ടർ നമൻ ധിറിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ഒരു മത്സരത്തിന് ശേഷം താരത്തെ മാറ്റാൻ സാധ്യത കുറവാണ്. അനുഭവസമ്പത്തുള്ള മുഹമ്മദ് സിറാജ് ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ നിതീഷ് റെഡ്ഡിയാകും പുറത്തിരിക്കേണ്ടി വരിക എന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക