
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് പേസര്‍ ഹാരിസ് റൗഫുമായി ഗ്രൗണ്ടില്‍ നടത്തിയ വാക് പോരിന് മത്സരശേഷം മറുപടി നല്‍കി ഇന്ത്യൻ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും. പാകിസ്ഥാൻ താരങ്ങളുടെ അനാവശ്യ പ്രകോപനമാണ് തകർത്തടിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ അഭിഷേക് ശർമ്മ പറഞ്ഞു.
ആദ്യ പന്തിൽ തന്നെ സിക്സടിക്കാൻ ശ്രമിക്കുന്നത് ടീമിന്‍റെ പിന്തുണയുള്ളതുകൊണ്ടാണെന്നും അഭിഷേക് ശര്‍മ വ്യക്തമാക്കി. ഒരു കാര്യവുമില്ലാതെ അവര്‍ അനാവശ്യമായി പ്രകോപിപ്പിക്കുകയായിരുന്നു. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് തിരിച്ചടിച്ചത്. സ്കൂള്‍ കാലം മുതല്‍ ഒരുമിച്ച് കളിക്കുന്നവരാണ് ഞാനും ഗില്ലും, ഞങ്ങളുടെ കൂട്ടുകെട്ട് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ബാറ്റിംഗിനിറങ്ങും മുമ്പ് ഞങ്ങള്‍ രണ്ടുപേര്‍ക്കും ആത്മവിശ്വാസമുണ്ടായിരുന്നു. എന്നെപ്പോലെ ഗില്ലും തിരിച്ചടിച്ചത് ശരിക്കും സന്തോഷിപ്പിച്ചുവെന്നും അഭിഷേക് പറഞ്ഞു.
മത്സരശേഷം എക്സ് പോസ്റ്റില്‍ നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാം എന്നും അഭിഷേക് കുറിച്ചു. വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്നായിരുന്നു ഗില്ലിന്‍റെ എക്സ് പോസ്റ്റ്. മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തകര്‍ത്തടിക്കുന്നതിനിടെയാണ് പന്തെറിയുകയായിരുന്ന ഹാരിസ് റൗഫ് നോണ്‍ സ്ട്രൈക്കറായിരുന്ന അഭിഷേകിനോട് തട്ടിക്കയറിയത്. ഒരു കാരണവുമില്ലാതെ അഭിഷേകിനോട് വാക് പോരു നടത്തിയ റൗഫിനുനേരെ നിന്ന് അഭിഷേകും മറുപടി പറഞ്ഞതോടെ അമ്പയര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ഇതിനിടെയെത്തിയ ശുഭ്മാന്‍ ഗില്ലും റൗഫിനുനേരെ എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക