പ്രമുഖ അഭിഭാഷകനായ കാര്‍ത്തികേയ വാജ്പേയിയുടെ 'ദി അണ്‍ബിക്കമിംഗ്' എന്ന കന്നി നോവല്‍ ശ്രദ്ധ നേടുന്നു. 

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനും ക്രിക്കറ്റ് താരവുമായ കാര്‍ത്തികേയ വാജ്പേയിയുടെ കന്നി നോവലായ 'ദി അണ്‍ബിക്കമിംഗ്' (The Unbecoming) വായനക്കാര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ബാഹ്യമായ വിജയങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ആന്തരികമായ തിരിച്ചറിവുകള്‍ക്കും വ്യക്തതയ്ക്കും പ്രാധാന്യം നല്‍കുന്ന ഒരു ദാര്‍ശനിക അന്വേഷണമാണ് സ്പിരിച്വല്‍ ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ഈ കൃതി.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച നോവല്‍, ദലൈലാമയുടെയും സ്വാമി സര്‍വ്വപ്രിയാനന്ദയുടെയും ആമുഖങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. അദ്വൈത വേദാന്തം, ബുദ്ധമത ദര്‍ശനങ്ങള്‍ എന്നിവയിലൂന്നി നിന്നുകൊണ്ട് ആധുനിക ജീവിതത്തിലെ സംഘര്‍ഷങ്ങളെയും അനിശ്ചിതത്വങ്ങളെയും നോവല്‍ ആഴത്തില്‍ വിലയിരുത്തുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ സിദ്ധാര്‍ത്ഥും പരിശീലകന്‍ അജയും തമ്മിലുള്ള ബന്ധത്തിന്റെ പരിണാമത്തിലൂടെയാണ് കഥ വികസിക്കുന്നത്. വിജയം, കരിയര്‍ എന്നിവയ്ക്കായി നാം കെട്ടിപ്പടുക്കുന്ന വ്യാജ സ്വത്വങ്ങളെ ഉപേക്ഷിക്കാനും യഥാര്‍ത്ഥ സ്വത്വത്തിലേക്ക് മടങ്ങാനും ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള ഈ നോവല്‍ പ്രേരിപ്പിക്കുന്നു.

ന്യൂഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകനായ കാര്‍ത്തികേയ വാജ്പേയി മുന്‍ സംസ്ഥാന തല ക്രിക്കറ്റ് താരം കൂടിയാണ്. തന്റെ ദീര്‍ഘകാല ധ്യാന പരിശീലനങ്ങളും ദാര്‍ശനിക താല്‍പ്പര്യങ്ങളുമാണ് ഈ രചനയ്ക്ക് ആധാരമെന്ന് അദ്ദേഹം പറഞ്ഞു. ''നാം ആരാണെന്ന കര്‍ക്കശമായ ധാരണകളില്‍ നിന്നാണ് നമ്മുടെ പല പരിമിതികളും ഉണ്ടാകുന്നത്. ഈ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ആന്തരിക വ്യക്തത കൈവരുന്നത്,'' - കാര്‍ത്തികേയ വാജ്പേയി വ്യക്തമാക്കി. പുസ്തകം പ്രമുഖ ബുക്ക് സ്റ്റോളുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

YouTube video player