റണ്‍വേട്ടയില്‍ അഭിഷേക് ഒന്നാം സ്ഥാനം ഉറപ്പിച്ചു; സഞ്ജുവിന് അഭിമാനിക്കാം, മൂന്ന് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച താരം 14-ാമത്

Published : Sep 27, 2025, 01:16 AM IST
Abhishek Sharma with Sanju Samson

Synopsis

ഏഷ്യാ കപ്പ് 2025ലെ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 309 റണ്‍സുമായി ബഹുദൂരം മുന്നിലുള്ള അഭിഷേകിന് കാര്യമായ വെല്ലുവിളികളില്ല. മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 108 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ 14-ാം സ്ഥാനത്താണ്.

ദുബായ്: ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരന്‍ ആരാവുമെന്നുള്ള കാര്യത്തില്‍ ഇനി തര്‍ക്കമൊന്നും വേണ്ട. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അതങ്ങ് ഉറപ്പിച്ചെന്ന് ഏറെക്കുറെ ഉറപ്പ് പറയാം. ആറ് മത്സരങ്ങള്‍ കളിച്ച അഭിഷേക് 309 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. പാകിസ്ഥാനെതിരെ ഫൈനല്‍ മത്സരം ശേഷിക്കെ ഇനി എത്ര റണ്‍സ് നേടുമെന്ന് കാത്തിരുന്ന് കാണാം. 51.50 ശരാശരിയിലാണ് അഭിഷേകിന്റെ നേട്ടം. 204.64 സ്‌ട്രൈക്ക് റേറ്റും അഭിഷേകിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. 19 സിക്‌സും 31 ഫോറുകളും അഭിഷേക് പറത്തി.

റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസ്സങ്കയാണ്. ആറ് മത്സരങ്ങളില്‍ നിസ്സങ്ക അടിച്ചെടുത്തത് 261 റണ്‍സ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ നേടിയ 107 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ ഏക സെഞ്ചുറിയും ഇതുതന്നെയാണ്. അഭിഷേകിന് കുറച്ചെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന താരം നിസ്സങ്കയായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇനി ശ്രീലങ്കയ്ക്ക് മത്സരം ഇല്ലാത്തതിനാല്‍ അഭിഷേകിനെ മറികടക്കാന്‍ സാധിക്കില്ല. 178 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ സെയ്ഫ് ഹസന്‍ മൂന്നാമത്. നാല് മത്സരങ്ങള്‍ മാത്രമാണ് സെയ്ഫ് കളിച്ചത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ സെയ്ഫിന്റെ ഉയര്‍ന്ന സ്‌കോര്‍ 69 റണ്‍സാണ്. ബംഗ്ലാദേശിനും ഇനി മത്സരങ്ങളൊന്നും ബാക്കിയില്ല.

പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാനാണ് നാലാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 160 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. അഭിഷേകിനെ മറികടക്കണമെങ്കില്‍ ഇന്ത്യക്കെതിരായ ഫൈനലില്‍ അവിശ്വസനീയ പ്രകടനം തന്നെ ഫര്‍ഹാന്‍ പുറത്തെടുക്കേണ്ടി വരും. നിലവില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 149 റണ്‍സാണ്. ശ്രീലങ്കയുടെ കുശാല്‍ പെരേരയാണ് അഞ്ചാം സ്ഥാനത്ത്. ആറ് മത്സങ്ങളില്‍ നിന്ന് നേടിയെടുത്തത് 146 റണ്‍സ്. ഇന്ത്യന്‍ താരം തിലക് വര്‍മ ആറാമതുണ്ട്. ആറ് മത്സരങ്ങളില്‍ 144 റണ്‍സാണ് സമ്പാദ്യം. ആറ് മത്സരങ്ങളില്‍ 115 റണ്‍സ് നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 12-ാം സ്ഥാനത്ത്. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 14-ാം സ്ഥാനത്താണ് നിലവില്‍. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഇന്നിംംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു നേടിയത് 108 റണ്‍സ്. ഒമാനെതിരെന നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 36 ശരാശരി. സ്‌ട്രൈക്ക് റേറ്റ് 171.42. വിക്കറ്റ് വേട്ടകാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം കുല്‍ദീപ് യാദവാണ് ഒന്നാമന്‍. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 13 വിക്കറ്റ്. ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരാണ് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന മറ്റു താരങ്ങള്‍. ഫൈനലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമെ ഇവര്‍ക്ക് കുല്‍ദീപിനെ മറികടക്കാന്‍ സാധിക്കൂ.

PREV
Read more Articles on
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്