
ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്: ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് 25-കാരനായ ഈ ഇടംകൈയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയത്. ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെതിരെ റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടന്ന ആദ്യ ടി20 മത്സരത്തിലാണ് അഭിഷേക് ഈ ചരിത്രനേട്ടത്തില്‍ എത്തിയത്.
വെസ്റ്റിന്‍ഡീസ് താരം എവിന്‍ ലൂയിസിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അഭിഷേക് തിരുത്തിക്കുറിച്ചത്. 789 പന്തുകളില്‍ നിന്ന് 100 സിക്‌സറുകള്‍ അടിച്ചുകൂട്ടിയതായിരുന്നു ലൂയിസിന്റെ റെക്കോര്‍ഡ്. എന്നാല്‍, വെറും 785 പന്തുകളില്‍ നിന്ന് തന്നെ അഭിഷേക് ഈ നേട്ടത്തിലെത്തി. ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളായി ഇതിനകം മാറിക്കഴിഞ്ഞ അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ശൈലി ഇതിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സഞ്ജു സാംസണും ഇഷാന്‍ കിഷനും പെട്ടെന്ന് പുറത്തായതോടെ 6 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ പതറി. എന്നാല്‍, ഒരു ഘട്ടത്തിലും പതറാതെ ക്രീസിലുറച്ചുനിന്ന അഭിഷേക് ശര്‍മ്മ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ പ്രത്യാക്രമണമാണ് അഴിച്ചുവിട്ടത്.
ലൂക്ക് വുഡിനെതിരെ കവറിന് മുകളിലൂടെയുള്ള ഷോട്ടിലൂടെ തുടങ്ങിയ അഭിഷേക്, ലിയാം ഡോസണെയും സാഖിബ് മഹ്മൂദിനെയും കടന്നാക്രമിച്ചു. മഹ്മൂദിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തിയ താരം ആരാധകരെ ആവേശത്തിലാഴ്ത്തി. വെറും 20 പന്തുകളില്‍ നിന്നാണ് അഭിഷേക് തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആദില്‍ റഷീദിനെതിരെ സിംഗിള്‍ എടുത്താണ് താരം ഈ നേട്ടത്തിലെത്തിയത്. പിന്നീട് വില്‍ ജാക്‌സിനെതിരെയും ഒരു സിക്‌സര്‍ താരം തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു.
തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച അഭിഷേക് 24 പന്തുകളില്‍ നിന്ന് 59 റണ്‍സ് നേടിയാണ് പുറത്തായത്. 6 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സാം കറന്റെ തന്ത്രപരമായ സ്ലോവര്‍ ബോളില്‍ കുടുങ്ങി താരം എല്‍ബിഡബ്ല്യു ആകുകയായിരുന്നു. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ആദ്യം ഔട്ട് അനുവദിച്ചിരുന്നില്ലെങ്കിലും, ഇംഗ്ലണ്ട് റിവ്യൂ നല്‍കുകയും ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റമ്പില്‍ കൊള്ളുമെന്ന് വ്യക്തമാവുകയും ചെയ്തതോടെ അഭിഷേകിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന് വിരാമമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!