
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കിറ്റ് സ്പോണ്‍സര്‍മാരായി അഡിഡാസിനെ തെരഞ്ഞെടുത്തു. നിലവിലെ സ്പോണ്‍സര്‍മാരായ 'കില്ലറു'മായുള്ള കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കുന്നതോടെ ജൂണ്‍ മുതല്‍ അഡിഡാസ് ലോഗോയുള്ള ജേഴ്സി ധരിച്ചാവും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുക. അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല കിറ്റ് സ്പോണ്‍സര്‍ഷിപ്പ് കരാറാണ് അഡിഡാസുമായി ബിസിസിഐ ഒപ്പുവെച്ചിരിക്കുന്നത്.
എത്ര തുകക്കാണ് കരാറെന്നതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ കിറ്റ് സ്പോണ്‍സര്‍മാരായിരുന്ന എംപിഎല്ലില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജീന്‍സ് നിര്‍മാതാക്കളായ കില്ലര്‍ കിറ്റ് സ്പോണ്‍സര്‍മാരായത്. എംപിഎല്‍ കിറ്റ് സ്പോണ്‍സര്‍മാരായിരുന്നപ്പോള്‍ ഓരോ മത്സരത്തിനും 65 ലക്ഷം രൂപയാണ് കിറ്റ് സ്പോണ്‍സര്‍ഷിപ്പ് തുകയായി ബിസിസിഐക്ക് നല്‍കിയിരുന്നത്. ഇതിന് പുറമെ ഒമ്പത് കോടി രൂപ വാര്‍ഷിക റോയല്‍റ്റിയായും മൂന്ന് വര്‍ഷ കരാറില്‍ എംപിഎല്‍ നല്‍കിയിരുന്നു.
2016 മുതല്‍ 2020വരെ നൈക്ക് ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാര്‍. 2020ല്‍ നൈക്ക് പിന്‍മാറിയതോടെയാണ് മൂന്ന് വര്‍ഷ കരാറില്‍ എംപിഎല്‍ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായത്. എന്നാല്‍ മാര്‍ച്ച് വരെ കാലാവധിയുണ്ടായിട്ടും എംപിഎല്‍ ഡിസംബറില്‍ കരാറില്‍ നിന്ന് പിന്‍മാറി. തുടര്‍ന്നാണ് കില്ലര്‍ ജീന്‍സ് ബ്രാന്‍ഡുമായി മാര്‍ച്ച് വരെ ബിസിസിഐ കരാറിലെത്തിയത്. കഴിഞ്ഞ ബംഗ്ലാദേശ് പരമ്പര മുതലായിരുന്നു ഇത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍
നൈക്ക് പോലെ ആഗോള ബ്രാന്‍ഡുകളിലൊന്നുമായി കരാറിലെത്താനുള്ള ബിസിസിഐ ശ്രമമാണ് ഇപ്പോള്‍ വിജയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയാണെങ്കില്‍ ജൂണ്‍ ഏഴ് മുതല്‍ തുടങ്ങുന്ന ഇംഗ്ലണ്ടിലെ ഓവലില്‍ തുടങ്ങുന്ന ഫൈനലില്‍ പുതിയ ജേഴ്സി ധരിച്ചാവും ഇന്ത്യ ഇറങ്ങുക. നേരത്ത മുംബൈ ഇന്ത്യന്‍സിന്‍റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ കിറ്റ് സ്പോണ്‍സര്‍മാരായിരുന്നു അഡിഡാസ്.
നിലവിലെ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരുടെ കിറ്റ് സ്പോണ്‍സര്‍മാര്‍ കൂടിയാണ് അഡിഡാസ്. ഇന്ത്യന്‍ ടീമിന്‍റെ കിറ്റ് സ്പോണ്‍സര്‍മാരാവുന്നതോടെ അഡിഡാസ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരിക കൂടിയാണ്. ഇംഗ്ലണ്ട് ടീമുമായുള്ള കരാര്‍ അവസാനിച്ചശേഷം നോട്ടിംങ്ഹാംഷെയര്‍, സൗത്ത് ഈസ്റ്റ് സ്റ്റാര്‍സ്, സറെ ടീമുകളെ അഡിഡാസ് സ്പോണ്‍സര്‍ ചെയ്തിരുന്നു.