
ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്കുള്ള വഴി തെളിയിച്ചത് ടീമിന് സംഭവിച്ച അമളി. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സിന്റെ വിജയലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ മാത്രമേ അഫ്ഗാന് സൂപ്പര്‍ ഫോറിലെത്താനാവൂവെന്നാണ് എല്ലാവരും കരുതിയത്. അഫ്ഗാന്‍ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഇതുതന്നെയാണ് കരുതിയത്. ക്രീസിലുള്ള താരങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ അവര്‍ക്കായതുമില്ല. സൂപ്പര്‍ ഫോറിലെത്താന്‍ സാങ്കേതികമായി മറ്റു സാധ്യതകള്‍ അഫ്ഗാനിസ്ഥാന് മുന്നിലുണ്ടായിരുന്നു.
37.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നില്ലെങ്കിലും 37.4 ഓവറില്‍ 295 റണ്‍സ് നേടി വിജയിച്ചിരുന്നുവെങ്കില്‍ ശ്രീലങ്കയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ അഫ്ഗാന് കഴിയുമായിരുന്നു. അതുമല്ല, മത്സരം 38.1 ഓവരെ നീട്ടികൊണ്ട് 297 റണ്‍സ് നേടി വിജയിച്ചാലും അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്തുമായിരുന്നു. ഇക്കാര്യം കമന്റേറ്റര്‍മാരടക്കം പല തവണ സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് താരങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. കോച്ചിംഗ് സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പിഴവാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്.
37-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടി റാഷിദ് ഖാന്‍ അഫഗാനെ 289ല്‍ എത്തിച്ചു. 38ആം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ മുജീബ് റഹ്മാന്‍ പുറത്താവുകയും ചെയ്തു. ഇതോടെ റാഷിദ് ഖാന്‍ നിരാശയോടെ ഗ്രൗണ്ടിലിരുന്നു. ഇനിയും സാദ്ധ്യതയുണ്ടെന്ന അറിവ് താരത്തിനുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ നിരാശയില്‍ നിന്ന് മനസിലാക്കാം.
പിന്നീടുള്ള മൂന്ന് പന്തില്‍ സിംഗിള്‍ നേടുകയും 37.4 ഓവറിനുള്ളില്‍ ഒരു സിക്‌സ് പറത്തി വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാനക്കാരന്‍ ഫസല്‍ഹഖ് ഫാറൂഖി ആദ്യ രണ്ട് പന്ത് പ്രതിരോധിക്കുകയും മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.
സഞ്ജു സാംസണ്‍ എന്തുകൊണ്ട് ഏകദിന ലോകകപ്പിനില്ല; കാരണങ്ങള്‍ നിരവധി