വെറുതെയങ്ങ് വിമര്‍ശിക്കാന്‍ വരട്ടെ, സഞ്ജു സാംസണ്‍ ക്രിക്കറ്റ് ലോകകപ്പിനില്ലാത്തതിന് നിരവധിയാണ് കാരണങ്ങള്‍  

കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശമുയര്‍ത്തി ഇന്ത്യന്‍ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ആരാധകര്‍ അത്ര സന്തുഷ്‌ടരല്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ സ്ക്വാഡിലില്ലാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെടുകയായിരുന്നു സഞ്ജു. പരിക്കിന്‍റെ പിടിയിലായിരുന്ന കെ എല്‍ രാഹുലും ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവും ടീമില്‍ ഉള്‍പ്പെട്ടിട്ടും സഞ്ജുവിനെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടര്‍മാര്‍ എന്ന വിമര്‍ശനം ശക്തമാണ്.

എന്തുകൊണ്ടാണ് സ‍ഞ്ജു സാംസണ് ഏകദിന ലോകകപ്പ് സ്ക്വാഡിലെത്താന്‍ കഴിയാഞ്ഞത്. എന്തൊക്കെ കാരണങ്ങളാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യനിര ബാറ്ററായി സൂര്യകുമാര്‍ യാദവില്‍ വിശ്വാസം തുടരുകയായിരുന്നു സെലക്‌ടര്‍മാര്‍ എന്നതാണ് ഒരു കാരണം. ഏകദിനത്തില്‍ ഇതുവരെ കളിച്ച 26 മത്സരങ്ങളില്‍ 24.33 ശരാശരി മാത്രമുള്ള സ്കൈക്ക് 511 റണ്‍സേ നേടാനായിട്ടുള്ളൂ എന്നതൊന്നും ടീം സെലക്ഷന് തടസമായില്ല. ഓസ്ട്രേലിയക്ക് എതിരെ ഹാട്രിക് ഡക്കില്‍ വീണ സൂര്യയുടെ 50 ഓവര്‍ ഫോര്‍മാറ്റിലെ മോശം ഫോം പലകുറി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ ദയനീയ റെക്കോര്‍ഡുകള്‍ക്കിടയിലും വിന്‍ഡീസിനെതിരെ അവസാന രണ്ട് ട്വന്‍റി 20കളില്‍ 61, 83 സ്കോര്‍ വീതം നേടിയ സൂര്യക്ക് മധ്യനിരയില്‍ ശ്രേയസ് അയ്യരുടെ ബാക്ക്അപ് ആവാന്‍ കഴിയുമെന്ന് സെലക്‌ടര്‍മാര്‍ കണക്കുകൂട്ടിയതോടെ മധ്യനിര ബാറ്ററായി ഇടംപിടിക്കാനുള്ള സഞ്ജുവിന്‍റെ വാതില്‍ അടഞ്ഞു. 

ഒരുവേള ലോകകപ്പ് ടീമില്‍ എത്തുമെന്ന് ഉറപ്പിച്ച താരമായിരുന്നു സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ആണെന്നത് ടീമിലേക്ക് താരത്തിന്‍റെ സാധ്യത കൂട്ടി. എന്നാല്‍ സമീപകാല ഫോം വച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്ക് മാറി മറ്റൊരു കീപ്പര്‍ കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതും സഞ്ജുവിന് തിരിച്ചടിയായ ഘടകമാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുതലുള്ള ഏഴ് മത്സരങ്ങളില്‍ 22.16 മാത്രമാണ് സഞ്ജുവിന്‍റെ ബാറ്റിംഗ് ശരാശരി. വിന്‍ഡീസ് ടൂറിന് മുമ്പ് 66 ആയിരുന്നു ഏകദിനത്തിലെ ശരാശരിയെങ്കില്‍ ഇപ്പോഴത് 55.71 ആയി കുറഞ്ഞു. ഇതും സഞ്ജുവിന് സെലക്ഷന്‍ സമവാക്യങ്ങളില്‍ ആഘാതമേല്‍പിച്ചു. സൂര്യയില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിച്ചതും രാഹുലിന്‍റെ മടങ്ങിവരവും ഇഷാന്‍റെ സ്വപ്‌ന ഫോമും ചേര്‍ന്നപ്പോള്‍ ലോകകപ്പ് ടീമിലെത്താന്‍ സഞ്ജു സാംസണിന് മുന്നിലുള്ള വഴികളെല്ലാം അടഞ്ഞു. ഏകദിനത്തില്‍ 12 ഇന്നിംഗ്‌സില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ 390 റണ്‍സുള്ളതൊന്നും സഞ്ജുവിന്‍റെ രക്ഷയ്‌ക്കെത്തിയില്ല. 

Read more: 'അവന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിലില്ലാത്തത് ഞെട്ടിച്ചു'; ഇന്ത്യന്‍ സ്‌ക്വാഡിനെതിരെ ഹര്‍ഭജന്‍ സിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം