പാകിസ്ഥാനില്‍ നിന്ന് ന്യൂസിലന്‍ഡിന്റെ പിന്മാറ്റം; മറ്റൊരു പ്രമുഖ ടീമും പാക് പരമ്പര ഒഴിവാക്കിയേക്കും

By Web TeamFirst Published Sep 18, 2021, 4:00 PM IST
Highlights

ഇംഗ്ലണ്ടാണ് പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഒക്‌ടോബറില്‍ രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

ലണ്ടന്‍: പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറിയതിന് പിന്നാലെ മറ്റൊരു ടീമും അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടാണ് പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഒക്‌ടോബറില്‍ രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് അടുത്ത 24-48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിന്റെ അന്തിമതീരുമാനമുണ്ടാകുമെന്നാണ്.

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ''പാകിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറിയത് ഞങ്ങള്‍ മനസിലാക്കുന്നു. പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഞങ്ങളുടെ സുരക്ഷാവിഭാഗം പ്രതിനിധികള്‍ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട ശേഷം പര്യടനം തുടരണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ തീരുമാനമെടുക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇക്കാര്യം ഞങ്ങള്‍ അറിയിക്കും.'' ഇസിബി വ്യക്തമാക്കി.

അതേസമയം പര്യടനം റദ്ദാക്കിയാല്‍ ഐപിഎല്ലിന് ഗുണമുണ്ടാവും. റിപ്പോര്‍ട്ട് പ്രകാരം സംഭവിച്ചാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ തുടരാം. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കിവീസ് ടീമിന്റെ പിന്മാറ്റം.

18 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിനായി എത്തിയത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പര്യടനം നടത്താന്‍ പ്രധാന ടീമുകള്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ കളിച്ചിരുന്നു.

click me!