ഇന്ത്യൻ താരങ്ങളുടെ ഇം​ഗ്ലീഷിനെ പരിഹസിക്കുന്ന ട്വീറ്റുകൾ; മോർ​ഗനും ബട്ലർക്കുമെതിരെ അന്വേഷണം

By Web TeamFirst Published Jun 9, 2021, 2:20 PM IST
Highlights

2018ൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ സെഞ്ചുറി നേടിയ ബട്ലറെ അഭിനന്ദിക്കാനായി മോർ​ഗൻ നടത്തിയ ട്വീറ്റും ഇതിന് ബട്ലർ നൽകിയ മറുപടിയുമാണ് ഇന്ത്യൻ താരങ്ങളുടെ ഇം​ഗ്ലീഷ് ​ഗ്രാമറിനെ
പരിഹസിക്കുന്നതാണെന്ന ആരോപണത്തിന് കാരണമായത്.

ലണ്ടൻ: എട്ടുവർഷം മുമ്പ് വംശീയ അധിക്ഷേപം നിറഞ്ഞതും ലൈം​ഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ ട്വീറ്റ് ചെയ്തതിന്റെ പേരിൽ ഇം​ഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായ ഒല്ലീ റോബിൻസണ് പിന്നാലെ സമാനമായ പരാമർശങ്ങളുടെ പേരിൽ മറ്റ് രണ്ട് താരങ്ങൾ കൂടി ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളുടെ ഇം​ഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്തുവെന്ന ആരോപണത്തിൽ ഇം​ഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോർ​ഗനും സൂപ്പർ താരം ജോസ് ബട്ലർക്കുമെതിരെയാണ് ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തുന്നത് എന്ന് ദ് ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്തു.

2018ൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ സെഞ്ചുറി നേടിയ ബട്ലറെ അഭിനന്ദിക്കാനായി മോർ​ഗൻ നടത്തിയ ട്വീറ്റും ഇതിന് ബട്ലർ നൽകിയ മറുപടിയുമാണ് ഇന്ത്യൻ താരങ്ങളുടെ ഇം​ഗ്ലീഷ് ​ഗ്രാമറിനെ പരിഹസിക്കുന്നതാണെന്ന ആരോപണത്തിന് കാരണമായത്. ട്വീറ്റിനടിയൽ കമന്റ് ചെയ്ത് മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലം ഇതിനൊപ്പം കൂടിയിരുന്നു. ട്വീറ്റ് വിവാദമായതോടെ ബട്ലർ പിന്നീടിത് ഡീലിറ്റ് ചെയ്തു.

മുൻ കാലങ്ങളിൽ ടീമിലെ ഓരോ വ്യക്തിയും നടത്തിയിട്ടുള്ള മോശം പരാമർശങ്ങൾ പരിശോധിക്കുമെന്നും ഉചിതമായി നടപടി കൈക്കൊള്ളുമെന്നും ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒല്ലീ റോബിൻസണെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് മോർ​ഗനും ബട്ലറും നടത്തിയ ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

2010ൽ ഇം​ഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ നടത്തിയ ലൈം​ഗികച്ചുവയുള്ള ട്വീറ്റും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിൽ ഒല്ലീ റോബിൻസണ് പകരം ഇം​ഗ്ലണ്ട് ടീമിലെത്തിയ ഡോം ബെസ്സിന്റെ വംശീയ അധിക്ഷേപച്ചുവയുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും  കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.

click me!