കിവീസ് നിരയില്‍ അഞ്ച് ഇടങ്കയ്യന്മാര്‍; എന്നാല്‍ ആ വിരട്ടല്‍ അശ്വിനോട് വേണ്ട! ഈ നേട്ടങ്ങള്‍ മറുപടി പറയും

By Web TeamFirst Published Jun 8, 2021, 5:57 PM IST
Highlights

അടുത്തകാലത്ത് ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ പ്രകടനങ്ങള്‍ പുറത്തെടുത്ത അശ്വിന്‍ ടീമിലുണ്ടാകുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും ടീം മാനേജ്‌മെന്റിനേയും അലട്ടാന്‍ പോകുന്നത് പ്ലയിംഗ് ഇലവനായിരിക്കും. ആരൊക്കെ ടീമില്‍ കളിക്കുമെന്നുള്ളത് വലിയ തലവേദനയാണ്. സ്പിന്നര്‍മാരുടെ കാര്യത്തിലാണ് വലിയ പ്രശ്‌നം നേരിടുക. അടുത്തകാലത്ത് ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ പ്രകടനങ്ങള്‍ പുറത്തെടുത്ത അശ്വിന്‍ ടീമിലുണ്ടാകുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍.

ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലെ പ്രകടനം SENA രാജ്യങ്ങള്‍ക്കെതിരെ ആവര്‍ത്തിക്കാന്‍ അശ്വിനായിട്ടില്ല. എന്നാല്‍ ചിന്തിക്കുന്ന ബൗളറാണ് അശ്വിന്‍. ഏത് സാഹചര്യത്തിലും ബാറ്റ്‌സ്മാനെ കുടുക്കാന്‍ അശ്വിന് സാധിക്കും. കൂടാതെ ഇടങ്കയ്യന്‍മാര്‍ക്കെതിരായ റെക്കോര്‍ഡും. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാരാണ് കിവീസ് നിരയില്‍ കളിച്ചത്. ഈയൊരു നേട്ടമാണ് അശ്വിനെ മറ്റു സ്പിന്നര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇടങ്കയ്യന്മാരെ വീഴ്ത്തിയത് അശ്വിനാണ്. 78 മത്സരങ്ങളില്‍ അശ്വിന്‍ വീഴ്ത്തിയത് 409 വിക്കറ്റാണ്. ഇതില്‍ 207 ഉം ഇടങ്കയ്യന്മാരാണ്. 191 ഇടങ്കയ്യന്മാരെ വീഴ്ത്തിയ ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരനാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സും 191 ഇടങ്കയ്യന്മാരെ വീഴ്ത്തിയിട്ടുണ്ട്. 172 വിക്കറ്റ് വീതം വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ മുന്‍ താരങ്ങളായ ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാമതുള്ള മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ 167 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 

ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെയും (1 മുതല്‍ 3 വരെയുള്ള സ്ഥാനങ്ങള്‍) അശ്വിന്റെ റെക്കോഡ് മികച്ചതാണ്. പ്രത്യേകിച്ച് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ. 81 തവണ ഇടങ്കയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്. 52.2 സ്‌ട്രൈക്ക് റേറ്റിലാണ് അശ്വിന്റെ നേട്ടം. ന്യൂസിലന്‍ഡിന്റെ രണ്ട് ഓപ്പണര്‍മാരും ഇടങ്കയ്യന്‍മാരാണെന്നുള്ളതാണ് പ്രത്യേകത. ഇതില്‍ ഡെവോണ്‍ കോണ്‍വെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. ടോം ലാഥവും അപകടകാരിയാണ്. 

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെതിരേയും അശ്വിന് മികച്ച റെക്കോര്‍ഡാണുള്ളത്. അശ്വിനെതിരെ അഞ്ച് ഇന്നിങ്‌സുകള്‍ വില്യംസണ്‍ കളിച്ചപ്പോള്‍ നാല് തവണയും ഓഫ് സ്പിന്നറുടെ പന്തില്‍ താരം പുറത്തായി. റോസ് ടെയ്‌ലറെ മൂന്ന് തവണ കുടുക്കാനും ചെന്നൈക്കാരന് സാധിച്ചു. ടാം ലാഥം നാല് തവണയും അശ്വിന്റെ മുന്നില്‍ മുട്ടുമടക്കി.

സാഹചര്യങ്ങള്‍ സീമര്‍മാര്‍ക്ക് അനുകൂലമാണെങ്കില്‍ പോലും അശ്വിന്‍ ടീമിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് അശ്വിന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. അതുകൊണ്ടുതന്നെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് താരത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പിന് തുല്ല്യമാണ്.

click me!