പന്ത് ചുരണ്ടല്‍ വീണ്ടും; പാക് ഓപ്പണര്‍ക്ക് 'പണികിട്ടി'

By Web TeamFirst Published Nov 2, 2019, 5:33 PM IST
Highlights

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നാല് മാസം വിലക്ക് ലഭിച്ചിരുന്നു. 

ഇസ്‌ലാമാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പാകിസ്ഥാന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹസാദിന് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പിഴ. ആഭ്യന്തര ടൂര്‍ണമെന്‍റില്‍ സെന്‍‌ട്രല്‍ പഞ്ചാബ്- സിദ്ദ് മത്സരത്തിനിടെ പന്തില്‍ താരം മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. മാച്ച് ഫീയുടെ 50 ശതമാനമാണ് താരത്തിന് പിഴയൊടുക്കേണ്ടത്. 

സിദ്ദ് ഇന്നിംഗ്‌സിലെ 17-ാം ഓവറില്‍ താരങ്ങളിലൊരാള്‍ പന്തില്‍ കൃത്രിമം നടത്തിയതായി ഫീല്‍ഡ് അംപയര്‍ കണ്ടെത്തുകയായിരുന്നു. ഈ വിവരം അംപയര്‍ മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തില്‍ ക്യാപ്റ്റനായ അഹമ്മദ് ഷെഹസാദിനോട് മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടു. പന്തില്‍ കൃത്രിമം നടത്തിയത് ഷെഹസാദ് നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ പാക് ബോര്‍ഡ് തൃപ്‌തരായില്ല.

ആരോപണം വീണ്ടും നിഷേധിച്ച് അഹമ്മദ് ഷെഹസാദ്

'മോശം ഗ്രൗണ്ടുമൂലം പന്തില്‍ സ്വാഭാവികമായി മാറ്റങ്ങളുണ്ടായതാണ്. ഇക്കാര്യം മാച്ച് ഒഫീഷ്യല്‍സിനെ മനസിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അത് അംഗീകരിച്ചില്ല.  പന്തില്‍ കൃത്രിമം നടത്താന്‍ താനിതുവരെ ശ്രമിക്കുകയോ അത് ചെയ്യാന്‍ സഹതാരങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. മത്സരിക്കുക, ജയിക്കുക, യുവതാരങ്ങളെ പ്രചോദിപ്പിക്കുക എന്നത് മാത്രമാണ് തന്‍റെ ലക്ഷ്യം. മാച്ച് ഒഫീഷ്യല്‍സിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നതായും നടപടി അംഗീകരിക്കുന്നതായും താരം വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. 

പാകിസ്ഥാനായി 13 ടെസ്റ്റുകളും 81 ഏകദിനങ്ങളും 59 ടി20 കളിച്ച താരമാണ് അഹമ്മദ് ഷെഹസാദ്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നാല് മാസം വിലക്ക് ലഭിച്ചിരുന്നു. 

click me!