
ലോര്‍ഡ്‍സില്‍ ദക്ഷിണാഫ്രിക്ക 27 വര്‍ഷത്തിലെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ച് ആഘോഷത്തിലാണ്. വിജയശില്‍പ്പിയും ഫൈനലിലെ താരവുമായിരുന്നു എയ്‌ഡൻ മാര്‍ക്രം ബൗണ്ടറിക്കരികില്‍ ഒരു ആരാധകനുമായി സംസാരിക്കുന്നത് കണ്ടു. ഉടൻ തന്നെ അയാളുടെ കയ്യിലുണ്ടായിരുന്നു ഒരു ഗ്ലാസ് ബിയര്‍ വാങ്ങി മാര്‍ക്രം കുടിക്കുകയും ചെയ്തിരുന്നു. ഈ നിമിഷം ആരാധകര്‍ ആഘോഷിക്കുകയും സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
മത്സരത്തിനും ആഘോഷങ്ങള്‍ക്കും ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മാര്‍ക്രം ആ നിമിഷത്തെക്കുറിച്ച് വാചാലനാകുകയും ചെയ്തു.
“അത് എന്റെ സഹപാഠിയായിരുന്നു. അവൻ അടുത്തേക്ക് ചെല്ലാൻ എന്നെ വിളിച്ചു. പക്ഷേ, നടക്കില്ല തിരക്കാണെന്ന് പറഞ്ഞു ഞാൻ. അപ്പോള്‍ അവൻ കയ്യില്‍ ബിയറുണ്ടെന്നും പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നെ ഞാൻ മടിച്ചില്ല, അങ്ങോട്ടുതന്നെ പോയി. അതായിരുന്നു ഇന്ന് കുടിച്ച ആദ്യ ബിയര്‍. ഇന്ന് അല്‍പ്പംകൂടി കുടിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്,” മാര്‍ക്രം പറഞ്ഞു.
ഓസ്ട്രേലിയ ഉയര്‍ത്തിയ 282 റണ്‍സ് പിന്തുടരവെ 136 റണ്‍സെടുത്ത മാര്‍ക്രമായിരുന്നു ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. 2024 ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും കിരീടത്തിലേക്ക് അടുപ്പിക്കാൻ മാര്‍ക്രത്തിന് സാധിക്കാതെ പോയിരുന്നു. അതാണ് തന്നെ പ്രചോദിപ്പിച്ചതെന്നും മാര്‍ക്രം പറഞ്ഞു.
“ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് കഴിഞ്ഞ രാത്രി ഞാൻ ചിന്തിച്ചിരുന്നു. അന്ന് ഔട്ട് ആയതിന് ശേഷം ഞാൻ അനുഭവിച്ച നിസഹായത എത്രത്തോളമായിരുന്നെന്ന് മനസിലേക്ക് വന്നു. ഈ ചിന്തയാണ് ഫൈനലില്‍ നിലയുറപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഞാൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി കേട്ടിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാൻ സാധിച്ചു. ചോക്കേഴ്‌സ് എന്ന വിളിപ്പേര് കേള്‍ക്കേണ്ടതില്ല എന്നത് സന്തോഷിപ്പിക്കുന്ന ഒന്നാണ്,” മാർക്രം വ്യക്തമാക്കി.
ഫൈനലിലെ ഇന്നിങ്സ് തന്റെ കരീയറിലെ ഏറ്റവും മികച്ച ഇന്നിങ്സായി കണക്കാക്കുമെന്നും മാര്‍ക്രം പറഞ്ഞു. എന്റെ ടെസ്റ്റ് കരിയര്‍ കയറ്റിറക്കങ്ങളുടേതായിരുന്നു. ഫസ്റ്റ് ഇന്നിങ്സിലെ ഡക്കിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞത് ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. വളരെ പ്രത്യേകതയുള്ള ദിവസമായി മാറുകയാണെന്നും മാര്‍ക്രം കൂട്ടിച്ചേര്‍ത്തു.