
ലണ്ടന്‍: ഇന്ത്യക്കെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യ എയുടെ സര്‍ഫറാസ് ഖാന് സെഞ്ച്വറി. ജസ്പ്രീത് ബുംറ ഉള്‍പ്പെട്ട ബൗളിംഗ് നിരയ്‌ക്കെതിരെ 76 പന്തില്‍ സര്‍ഫറാസ് 101 റണ്‍സെടുത്തു. 15 ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് സര്‍ഫറാസിന്റെ സെഞ്ച്വറി. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എ ആറ് വിക്കറ്റിന് 299 റണ്‍സെടുത്തു. 45 റണ്‍സുമായി ഇഷാന്‍ കിഷനും 19 റണ്‍സുമായി ഷാര്‍ദുല്‍ താക്കൂറും ക്രീസിലുണ്ട്. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ 39 റണ്‍സും സായ് സുദര്‍ശന്‍ 38 റണ്‍സും നേടി.
റുതുരാജ് ഗെയ്ക്‌വാദ് രണ്ട് റണ്ണിന് പുറത്തായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം നേടി. ബുമ്രയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ എല്‍ രാഹുലു ഒന്നാംദിനം അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഈമാസം ഇരുപതിനാണ് ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ രാഹുല്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലാവും ബാറ്റിംഗിനിറങ്ങുക. ഇംഗ്ലണ്ടില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാത്ത ഗില്‍ പരിശീലന മത്സരത്തില്‍ തിളങ്ങിയത് ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയാണ്. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച ആറ് ഇന്നിംഗ്‌സില്‍ 14.66 ശരാശരിയില്‍ 88 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. 28 റണ്‍സാണ് മികച്ച സ്‌കോര്‍. അതേസമയം, മൂന്നാം നമ്പറില്‍ ആരാകം ആദ്യ ടെസ്റ്റില്‍ കളിക്കുക എന്നതിന്റെ സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി മിന്നും ഫോമിലുള്ള സായ് സുദര്‍ശനാകും മൂന്നാം നമ്പറില്‍ കളിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാര്‍ദ്ദുല്‍ താക്കൂര്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്നത് ഇന്ത്യക്ക് ശുഭ സൂചനയാണ്. ആദ്യ ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡി വേണോ ഷാര്‍ദ്ദുല്‍ വേണോ എന്ന ഇന്ത്യയുടെ കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്നതാണ് സന്നാഹ മത്സരത്തിലെ പ്രകടനം. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ആദ്യ മത്സരത്തില്‍ 27ഉം രണ്ടാം മത്സരത്തില്‍ 19, 34 റണ്‍സും ഷാര്‍ദ്ദുല്‍ നേടിയിരുന്നു. ജൂണ്‍ 20 മുതല്‍ ലീഡ്‌സിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.