ധോണിയെ ഉപദേഷ്‌ടാവാക്കിയ നടപടി; ബിസിസിഐക്കെതിരെ അജയ് ജഡേജ

By Web TeamFirst Published Sep 12, 2021, 3:39 PM IST
Highlights

പെട്ടെന്നൊരു രാത്രിയില്‍ ഉപദേഷ്‌ടാവ് വേണമെന്ന് ടീമിന് എന്തുകൊണ്ട് തോന്നി എന്ന ചോദ്യമാണ് മുന്‍താരം ഉയര്‍ത്തുന്നത്

മുംബൈ: ടി20 ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവായി നിയമിച്ച ബിസിസിഐ തീരുമാനം ചോദ്യം ചെയ്ത് അജയ് ജഡേജ. പെട്ടെന്നൊരു രാത്രിയില്‍ ഉപദേഷ്‌ടാവ് വേണമെന്ന് ബിസിസിഐക്ക് എന്തുകൊണ്ട് തോന്നി എന്ന ചോദ്യമാണ് മുന്‍താരം ഉയര്‍ത്തുന്നത്. 

'എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. രണ്ട് ദിവസമായി ഇക്കാര്യം ചിന്തിക്കുന്നു. ഞ‌ാന്‍ അത്ഭുതപ്പെട്ടു. ധോണിക്ക് എത്രത്തോളം അറിവുണ്ടെന്നോ അദേഹം എത്രത്തോളം ടീമിന് ഉപകാരപ്രദമാണ് എന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല. എന്നേക്കാള്‍ വലിയ ധോണി ആരാധകനില്ല. വിരമിക്കുന്നതിന് മുമ്പ് അടുത്ത ക്യാപ്റ്റനെ കണ്ടെത്തിയ ആദ്യ നായകന്‍ ധോണിയാണെന്ന് തോന്നുന്നു. എന്നാല്‍ ടീമിനെ ഒന്നാം റാങ്കിലെത്തിച്ച പരിശീലകനാണ് രവി ശാസ്‌ത്രി. അതിനാല്‍ ഒരു ഉപദേഷ്‌ടാവ് വേണമെന്ന് ഒരു രാത്രികൊണ്ട് എങ്ങനെ ബിസിസിഐക്ക് തോന്നി. ഇക്കാര്യമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്' എന്നും അജയ് ജഡേജ പറഞ്ഞു. 

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച വേളയിലാണ് എം എസ് ധോണി ഉപദേഷ്‌ടാവായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ഇന്ത്യക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച നായകനെ ടീം ആശ്രയിക്കുന്നത് ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ അജയ് ജഡേജയ്‌ക്ക് മുമ്പ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ധോണിയുടെ നിയമനം ചോദ്യം ചെയ്‌ത് രംഗത്തെത്തി. 

'ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം റെക്കോഡൊന്നുമില്ല. മോശം റെക്കോഡാണ് ഉള്ളതെങ്കില്‍ മറ്റൊരാളുടെ സഹായം തേടാമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. നന്നായി കളിക്കുന്ന ടീമില്‍ ഒരു സുരക്ഷിത സ്ഥാനം മാത്രമാണ് ധോണിക്കുള്ളത്' എന്നായിരുന്നു ഗംഭീറിന്‍റെ വിമര്‍ശനം. 

'അതേസമയം, ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. സമ്മര്‍ദ്ദങ്ങളെ എങ്ങനെ മറികടക്കണമെന്ന് ധോണിക്ക് യുവതാരങ്ങളെ പഠിപ്പിക്കാനാവും. ധോണിക്ക് ടീമില്‍ ചെയ്യാനുള്ളത് അതുമാത്രമാണ്. രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. ഇവരെ തന്റെ അനുഭവസമ്പത്തിലൂടെ പ്രചോദിപ്പിക്കാന്‍ ധോണിക്കാവും' എന്നും ഗംഭീര്‍ വ്യക്തമാക്കി. 

'അവിടെ എല്ലാം സാധാരണ രീതിയിലായിരുന്നു'; പുസ്തക പ്രകാശനത്തെ പ്രതിരോധിച്ച് രവി ശാസ്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!