
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈയും ജമ്മു കശ്മീരും തമ്മിലുളള മത്സരത്തിനിടെ മുംബൈ നായകന്‍ അജിങ്ക്യാ രഹാനെയുടെ പുറത്താകലിനെച്ചൊല്ലി വിവാദം. ഔട്ടായി ഡ്രസ്സിംഗ് റൂമിലെത്തിയ രഹാനെയെ അഞ്ച് മിനുട്ടിനുശേഷം വീണ്ടും ബാറ്റിംഗിനായി ക്രീസിലേക്ക് തിരിച്ചുവിളിച്ചതാണ് നാടകീയ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കിയത്. മുംബൈയുടെ രണ്ടാം ഇന്നിംഗ്സിലെ 25-ാം ഓവറിലായിരുന്നു വിവാദമായ പുറത്താകലും തിരിച്ചുവിളിക്കലും നടന്നത്.
ജമ്മു കശ്മീര്‍ പേസര്‍ ഉമര്‍ നസീറിന്‍റെ ഷോര്‍ട്ട് പിച്ച് പന്ത് പുള്‍ ചെയ്യാൻ ശ്രമിച്ച രഹാനെക്ക് പിഴച്ചു. ഗ്ലൗസിലുരഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ കൈയിലൊതുക്കി. അമ്പയര്‍ ഔട്ട് വിളിച്ചതോടെ രഹാനെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകും ചെയ്തു. പിന്നീടാണ് രഹാനെയുടെ ഔട്ടില്‍ ട്വിസ്റ്റുണ്ടായത്. അടുത്ത ബാറ്ററായ ഷാര്‍ദ്ദുല്‍ താക്കൂര്‍ ക്രീസിലെത്തിയപ്പോഴാണ് രഹാനെ ഔട്ടായ പന്ത് നോ ബോളാണോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചത്. റീപ്ലേകള്‍ ലഭ്യമാകാന്‍ സമയമെടുത്തതിനാല്‍ ഇതിനായി കുറച്ചു നേരം കാത്തു നില്‍ക്കേണ്ടിവന്നു.
ഒടുവില്‍ രഹാനെ പുറത്തായത് ഫ്രണ്ട് ഫൂട്ട് നോ ബോളിലാണെന്ന് വ്യക്തമായതോടെ അമ്പയര്‍ രഹാനെയെ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ക്രീസിലേക്ക് തിരിച്ചുവിളിച്ചു. ഷാര്‍ദ്ദുല്‍ താക്കൂറിനോട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാനും അമ്പയര്‍ ആവശ്യപ്പെട്ടു. വീണ്ടും ക്രീസിലെത്തിയ രഹാനെയോട് അമ്പയര്‍മാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഔട്ടായ ഉടനെ താങ്കളോട് നോ ബോള്‍ പരിശോധനക്കായി ഗ്രൗണ്ട് വിടരുതെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ താങ്കളത് കേട്ടില്ലെന്നും അമ്പയര്‍മാര്‍ പറഞ്ഞു. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റര്‍ ഔട്ടായാല്‍ അടുത്ത പന്തെറിയുന്നതിന് മുമ്പ് ഔട്ടായത് നിയമപ്രകാരമല്ലെന്ന് വ്യക്തമായാല്‍ അമ്പയര്‍ക്ക് ബാറ്ററെ തിരിച്ചുവിളിക്കാനാവും.
ഒരു ടീമിലെ അവസാന ബാറ്ററായാണ് പുറത്താവുന്നതെങ്കില്‍ അമ്പയര്‍മാര്‍ ഗ്രൗണ്ട് വിടുന്നതിന് മുമ്പാണ് ഇത്തരത്തില്‍ ബാറ്ററെ തിരിച്ചുവിളിക്കാനാവുക. വീണുകിട്ടിയ ഭാഗ്യവും പക്ഷെ രഹാനെയെ പിന്നീട് തുണച്ചില്ലെന്നതാണ് രസകരമായ കാര്യം. നസീറിന്‍റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രഹാനെയെ പരസ് ദോദ്ര മിഡോഫില്‍ പറന്നു പിടിച്ചു. 12 റണ്‍സായിരുന്നു മുംബൈ ക്യാപ്റ്റന്‍റെ സമ്പാദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!