ഇന്ത്യൻ താരം റിഷഭ് പന്ത് അടക്കം മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ ആയുഷ് ബദോനി മാത്രമാണ് ഡല്‍ഹിക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്.

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിയെ 10 വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 188 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 271 റണ്‍സെടുത്ത സൗരാഷ്ട്ര ഡല്‍ഹിയെ രണ്ടാം ഇന്നിംഗ്സില്‍ 94 റണ്‍സിന് കറക്കി വീഴ്ത്തി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് 25.2 ഓവറിനുള്ളില്‍ ഡല്‍ഹിയെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്തിരുന്ന ജഡേജ മത്സരത്തിലാകെ 12 വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യമായ 11 റണ്‍സ് സൗരാഷ്ട്ര വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു. സ്കോര്‍ ഡല്‍ഹി 188, 94, സൗരാഷ്ട്ര 271, 15-0.

ഇന്ത്യൻ താരം റിഷഭ് പന്ത് അടക്കം മുന്‍നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ ആയുഷ് ബദോനി(44) മാത്രമാണ് ഡല്‍ഹിക്കായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. ഡല്‍ഹി ഓപ്പണര്‍മാരായ അര്‍പിത് റാണയയെും(12), സനത് സംഗ്‌വാനെയും(6) പുറത്താക്കിയാണ് രണ്ടാം ഇന്നിംഗ്സില്‍ രവീന്ദ്ര ജഡേജ വിക്കറ്റ് വേട്ട തുടങ്ങിയത്. യാഷ് ദുള്ളിനെ(1) യുവരാജ് സിംഗ് ദോഡിയ പുറത്താക്കിയപ്പോള്‍ പൊരുതി നിന്ന ആയുഷ് ബദോനിയെ(44)യും ജഡേജ വീഴ്ത്തി. ജോണ്ടി സിദ്ദുവിനെ(17) പുറത്താക്കിയ ജഡേജ പിന്നാലെ ആറാമനായി ക്രീസിലെത്തിയ റിഷഭ് പന്തിനെയും പുറത്താക്കി.

അസലങ്ക നായകന്‍, ഒറ്റ ഇന്ത്യൻ താരം പോലുമില്ല; 2024ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

26 പന്ത് നേരിട്ട റിഷഭ് പന്ത് ഒരു ബൗണ്ടറി മാത്രം നേടി 17 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്സണ് ക്യാച്ച് നല്‍കി പുറത്തായി. സുമിത് മാഥൂറിനെ(2) പുറത്താക്കി അഞ്ച് വിക്കറ്റ് തികച്ച ജഡേജ തന്നെയാണ് പൊരുതിനിന്ന ആയു ബദോനിയെയും(44) പുറത്താക്കി ഡല്‍ഹി ഇന്നിംഗ്സിന് തിരിശീലയിട്ടത്. 12.2 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റെടുത്തത്. നേരത്തെ ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ്സില്‍ 66 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജഡേജ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 36 പന്തില്‍ 38 റണ്‍സെടുത്തും തിളങ്ങി.

ആറ് കളികളില്‍ സൗരാഷ്ട്രയുടെ രണ്ടാം ജയമാണിത്. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഡി പോയന്‍റ് പട്ടികയില്‍ സൗരാഷ്ട്ര മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 14 പോയന്‍റുള്ള ഡല്‍ഹി നാലാം സ്ഥാനത്താണ്. തമിഴ്നാടാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക