താരങ്ങള്‍ക്ക് ആവേശോജ്വല വരവേല്‍പ്പ്; കംഗാരു മാതൃകയില്‍ തയ്യാറാക്കിയ കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ

By Web TeamFirst Published Jan 21, 2021, 6:47 PM IST
Highlights

ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയശേഷം ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ച അജിങ്ക്യ രഹാനെയെ നാട്ടുകാര്‍ എടുത്തുയര്‍ത്തിയാണ് വീട്ടില്‍ എത്തിച്ചത്

മുംബൈ: ഓസ്ട്രേലിയയിലെ മിന്നും ജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തിരികെ നാട്ടിലെത്തി. രണ്ട് മാസം നീണ്ടുനിന്ന പര്യടനം അവസാനിച്ച് ഇന്ത്യൻ താരങ്ങള്‍ മുംബൈ, ദില്ലി വിമാനത്താവളങ്ങളിലായി ഇന്ന് രാവിലെയാണ് പറന്നിറങ്ങിയത്. ആവേശകരമായ വരവേല്‍പ്പാണ് വിമാനത്താവളത്തിലും നാട്ടിലും ഒരുക്കിയിരുന്നത്. അതേസമയം വീട്ടില്‍ കംഗാരുമാതൃകയില്‍ തയ്യാറാക്കിയ കേക്ക് മുറിക്കാന്‍ നായകൻ അജിങ്ക്യ രഹാനെ വിസമ്മതിച്ചു.

ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയശേഷം ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ച അജിങ്ക്യ രഹാനെയെ നാട്ടുകാര്‍ എടുത്തുയര്‍ത്തിയാണ് വീട്ടില്‍ എത്തിച്ചത്. വീട്ടില്‍ കംഗാരു മാതൃകയില്‍ കേക്കും ഉണ്ടാക്കി വെച്ചിരുന്നു. എന്നാല്‍ ഓസ്ട്രേലിയയെ അങ്ങനെ കളിയാക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ രഹാനെ കേക്ക് മുറിക്കാൻ വിസമ്മതിക്കുകയായിരുന്നു.

രഹാനെ കഴിഞ്ഞാല്‍ ബ്രിസ്ബേനിലെ ഹീറോ റിഷഭ് പന്തിലേക്കായിരുന്നു ക്യാമറാ കണ്ണുകള്‍ പ്രധാനമായും ചെന്നെത്തിയത്. ഓസ്ട്രേലിയയിലെ മിന്നും ജയത്തിന്‍റെ സന്തോഷം റിഷഭ് പന്ത് പങ്കുവെച്ചു. ഗാബയിലെ മികച്ച പ്രകടനത്തിലൂടെ റിഷഭ് പന്തിന് ഐസിസി ടെസ്റ്റ് റാങ്കിംഗിലും നേട്ടമുണ്ടാക്കാനായിരുന്നു. കരിയര്‍ ബെസ്റ്റായ 13ആം സ്ഥാനത്താണ് ബാറ്റ്സ്മാൻമാരുടെ പട്ടികയില്‍ പന്തുള്ളത്. ഈ നേട്ടങ്ങളെക്കാളെല്ലാം വലുത് ടീമിന്‍റെ ജയമാണെന്ന്  റിഷഭ് പന്ത് പറഞ്ഞു.

ഇന്ത്യൻപേസര്‍ മുഹമ്മദ് സിറാജ് വിമാനത്താവളത്തില്‍നിന്ന് നേരെ പോയത് ഹൈദരാബാദില്‍ അച്ഛന്‍റെ ശവകുടീരത്തിലേക്ക്. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയില്‍ എത്തിയപ്പോഴായിരുന്നു സിറാജിന്‍റെ അച്ഛൻ മരിച്ചത്. ബന്ധുക്കളുടെ ഉപദേശം കൂടി കേട്ട സിറാജ് ഇന്ത്യയിലേക്ക് തിരിച്ചില്ല. ഓസ്ട്രേലിയയില്‍ തുടര്‍ന്ന പേസര്‍ ഇന്ത്യക്കായി നന്നായി കളിക്കുകയും ചെയ്തു.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഓസീസ് പര്യടനമായിരുന്നു ഇത്തവണത്തേത്. ഏകദിന പരമ്പര നഷ്ടമായെങ്കിലും ട്വന്‍റി 20 യിലും ടെസ്റ്റിലും ഇന്ത്യയുടെ വിജയാഘോഷത്തിന് ഓസ്ട്രേലിയൻ മണ്ണ് സാക്ഷിയായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ചൊവ്വാഴ്ച കളിക്കാര്‍ വീണ്ടും ഒന്നിച്ചുചേരും. തുടര്‍ന്ന് ഏഴ്  ദിവസത്തെ ക്വാറന്‍റൈന് ശേഷം ഫെബ്രുവരി 2ന് എല്ലാവരും ഒരുമിച്ച് പരിശീലനത്തിനിറങ്ങും. ചെന്നൈയില്‍ അഞ്ചാം തീയതി മുതലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.

click me!