കംഗാരു കേക്ക് മുറിക്കാന്‍ വിസമ്മതിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി രഹാനെ

By Web TeamFirst Published Jan 31, 2021, 5:59 PM IST
Highlights

കംഗാരു ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണെന്നും അതുകൊണ്ടുതന്നെ അത് മുറിച്ച് വിജയം ആഘോഷിക്കാന്‍ തനിക്കാവില്ലെന്നും രഹാനെ പറഞ്ഞു.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയശേഷം കംഗാരു കേക്ക് മുറിക്കാന്‍ വിസമ്മതിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് രഹാനെയുടെ വീട്ടില്‍ കംഗാരു കേക്ക് തയാറാക്കിവെച്ചത്. എന്നാല്‍ രഹാനെ ഇത് മുറിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

കംഗാരു ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണെന്നും അതുകൊണ്ടുതന്നെ അത് മുറിച്ച് വിജയം ആഘോഷിക്കാന്‍ തനിക്കാവില്ലെന്നും രഹാനെ പറഞ്ഞു. വിജയിച്ചാലും ചരിത്രം കുറിച്ചാലും എതിരാളികളെ ബഹുമാനിക്കണമെന്നാണ് തന്‍റെ നയമെന്നും കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെക്ക് നല്‍കിയ അഭിമുഖത്തില്‍ രഹാനെ പറഞ്ഞു.

Always wanted to ask about the cake he was offered with a kangaroo on it and why he refused to cut it. The small things that tell you more about a person. More of this conversation on his FB page. pic.twitter.com/YZwwQKlFJq

— Harsha Bhogle (@bhogleharsha)

എത്ര വലിയ വിജയമായാലും എതിരാളികളെയും അവരുടെ രാജ്യത്തെയും ഒരുപോലെ ബഹുമാനിക്കണം. അതുകൊണ്ടാണ് വീട്ടിലെത്തിയപ്പോള്‍ കംഗാരു കേക്ക് മുറിക്കാന്‍ ഞാന്‍ വിസമ്മതിച്ചത്-രഹാനെ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് ടോകി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുകയും പ്രമുഖതാരങ്ങളെല്ലാം പരിക്കിന്‍റെ പിടിയിലാകുകയും ചെയ്തിട്ടും റിസര്‍വ് താരങ്ങളുടെ കരുത്തില്‍ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിനുശേഷമാണ് ഇന്ത്യ തിരിച്ചടിച്ച് 2-1ന് ടെസ്റ്റ് പരമ്പര നേടിയത്.

ടെസ്റ്റ് പരമ്പര നേടിയശേഷം സമ്മാനദാനച്ചടങ്ങില്‍ 100-ാം ടെസ്റ്റ് കളിച്ച ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ് രഹാനെ ഇന്ത്യന്‍ താരങ്ങളെല്ലാം ഒപ്പിട്ട ഇന്ത്യയുടെ ജേഴ്സി കൈമാറിയിരുന്നു. ക്രിക്കറ്റ് ലോകം കൈയടികളോടെയാണ് ഇത് സ്വീകരിച്ചത്.

click me!