ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ഫേവറേറ്റുകളെ പ്രവചിച്ച് ഇയാന്‍ ചാപ്പല്‍

By Web TeamFirst Published Jan 31, 2021, 3:19 PM IST
Highlights

ടോപ് ഓര്‍ഡറിലെ സ്ഥിരതയില്ലായ്‌മയാണ് ഇംഗ്ലണ്ടിന്‍റെ പോരായ്‌മയായി ചാപ്പല്‍ കണക്കാക്കുന്നത്. 

ദില്ലി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഫേവറേറ്റുകള്‍ കോലിപ്പട തന്നെയെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ഇന്ത്യയുടെ പേസ് വളര്‍ച്ചയേയും ബാറ്റിംഗ് കരുത്തിനേയും വാഴ്‌ത്തുന്ന ചാപ്പല്‍ ടോപ് ഓര്‍ഡറിലെ സ്ഥിരതയില്ലായ്‌മയാണ് ഇംഗ്ലണ്ടിന്‍റെ പോരായ്‌മയായി കണക്കാക്കുന്നത്. 

'ഓസ്‌ട്രേലിയയിലെ ഐതിഹാസിക ജയത്തോടെ ഇന്ത്യ ഫേവറേറ്റുകളായാണ് പരമ്പര ആരംഭിക്കുന്നത്. ബാറ്റിംഗ് നിരയിലേക്ക് വിരാട് കോലി കൂടി എത്തുമ്പോള്‍ ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ധരിച്ച പോലാകും. കോലിക്കൊപ്പം ആര്‍ അശ്വിനും ഹര്‍ദിക് പാണ്ഡ്യയും ഇശാന്ത് ശര്‍മ്മയും കൂടി ചേരുമ്പോള്‍ ഇന്ത്യ അപരാജിത ശക്തികളാണ്' എന്നും ചാപ്പല്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയിലെ ലേഖനത്തില്‍ എഴുതി. 

ടോപ് ഓര്‍ഡറില്‍ കരുത്തര്‍ ഇന്ത്യ

'ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ സാന്നിധ്യം ഇംഗ്ലണ്ട് നിരയെ കൂടുതല്‍ സന്തുലിതമാക്കും. സ്റ്റോക്‌സ് ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടാണ്. കരുത്തുറ്റ പേസ് നിരയെ ജോഫ്ര ആര്‍ച്ചര്‍ സുസ്ഥിരമാക്കും. എന്നാല്‍ ടോപ് ഓര്‍ഡറാണ് കാര്യങ്ങള്‍ ഇന്ത്യയുടെ അനുകൂലമാക്കുന്നത്. ഇതിനകം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ശുഭ്‌മാന്‍ ഗില്‍, പ്രതിഭാശാലിയായ രോഹിത് ശര്‍മ്മ, മേധാവിത്വം പുലര്‍ത്തുന്ന ചേതേശ്വര്‍ പൂജാര എന്നിവരുടെ സാന്നിധ്യം ടോപ് ഓര്‍ഡറില്‍ ഇംഗ്ലണ്ട് മുകളില്‍ ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു. 

ലോകത്തെ മികച്ച ബൗളര്‍മാര്‍ക്കെതിരെ ഡൊമനിക് സിബ്ലിയുടെ സാങ്കേതികത്തികവ് ചോദ്യചിഹ്നമാണ്. റോറി ബേണ്‍സിന്റെ കാര്യവും സമാനം. ഇരുവരും ഫോമിലെത്താതെ വന്നാല്‍ ജോ റൂട്ടിന് ജോലിഭാരം കൂടും. ഈ സാഹചര്യത്തില്‍ റൂട്ട് നിലവിലെ റണ്‍വേട്ട തുടര്‍ന്നില്ലേല്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കും. സാക്ക് ക്രൗലി, ഗില്ലിനെ പോലെ പ്രതിഭാശാലിയാണ്. എന്നാല്‍ ശ്രീലങ്കയിലെ പരാജയം അയാള്‍ക്കെതിരേയും ചോദ്യമുയര്‍ത്തുന്നു'. 

ബൗളിംഗില്‍ ഇന്ത്യയാകെ മാറി, മധ്യനിര തുല്യം

'അതികായകരായ ജിമ്മി ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡിനുമൊപ്പം ജോഫ്ര ആര്‍ച്ചര്‍ ചേരുന്നത് പേസ് നിരയില്‍ സാധാരണയായി ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കേണ്ടതാണ്. എന്നാല്‍ ഇന്ത്യയാവട്ടെ പേസാക്രമണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഇന്ത്യന്‍ പേസ് നിരയുടെ ആഴം ഓസ്‌ട്രേലിയയില്‍ കണ്ടതാണ്. അതേസമയം അജിങ്ക്യ രഹാനെയും റിഷഭ് പന്തും അണിനിരക്കുന്ന ഇന്ത്യയുടേയും ബെന്‍ സ്റ്റോക്‌സും ജോസ് ബട്ട്‌ലറും ഇറങ്ങുന്ന ഇംഗ്ലണ്ടിന്‍റേയും മധ്യനിര ഏറെക്കുറെ തുല്യശക്തര്‍. 

എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം ജോസ് ബട്ട്‌ലര്‍ നാട്ടിലേക്ക് മടങ്ങുകയും രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം രവീന്ദ്ര ജഡേജ ടീം ഇന്ത്യയില്‍ മടങ്ങിയെത്തുകയും ചെയ്താല്‍ കോലിപ്പട കൂടുതല്‍ കരുത്താകും' എന്നും ഇയാന്‍ ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ നോട്ടം ഫൈനല്‍!

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരും ഇംഗ്ലണ്ട് നാലാമതുമാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് തലപ്പത്ത്. ഇംഗ്ലണ്ട് നിലവില്‍ നാലാമത് മാത്രമാണ് നില്‍ക്കുന്നത്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ 4-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1ന് തോല്‍പിച്ച ആവേശത്തിലാണ് ഇന്ത്യയും ശ്രീലങ്കയെ ലങ്കയില്‍ 2-0ന് വൈറ്റ് വാഷ് ചെയ്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടും ആവേശപ്പോരിന് തയ്യാറെടുക്കുന്നത്. 

നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിന് തുടക്കമാകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് നിര്‍ണായകമാണ് പരമ്പര. 

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ജോണി ബെയ്ർസ്റ്റോ. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

ആശ്വാസ വാര്‍ത്ത; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

click me!