
മെല്‍ബണ്‍: അജിങ്ക്യാ രഹാനെ ബൗളര്‍മാരുടെ നായകനാണെന്ന് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ. നായക സ്ഥാനത്ത് കോലിയില്ലെങ്കിലും ടീം ഇന്ത്യക്ക് ആശങ്കപ്പെടാനൊന്നുമില്ലെന്നും രഹാനെ കഴിവുറ്റ നായകനാണെന്നും ഇഷാന്ത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റനായ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. 26ന് മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ്.
രഹാനെ പൂര്‍ണമായും ബൗളര്‍മാരുടെ നായകനാണ്. ഞങ്ങളൊരുമിച്ച് നിരവധി തവണ കളിച്ചിട്ടുണ്ട്. വളരെ ആത്മവിശ്വാസമുള്ള നായകനാണ് അദ്ദേഹം. കോലിയില്ലാത്ത സമയങ്ങളില്‍ പന്തെറിയേണ്ട ഘട്ടത്തിലെല്ലാം രഹാനെ എന്നോട് ചോദിക്കാറുണ്ട്, എങ്ങനെയുള്ള ഫീല്‍ഡാണ് താങ്കള്‍ക്ക് ആവശ്യമെന്ന്. അദ്ദേഹം ഒരിക്കലും ഇത് ചെയ്യു, അത് ചെയ്യൂ എന്ന് പറയാറില്ല.
എതിരാളികള്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറുമ്പോള്‍ ഫീല്‍ഡര്‍മാര്‍ തളര്‍ന്നിരിക്കുകയാണെങ്കില്‍ ഒരു കളിക്കാരന്‍റെ പ്രചോദനം മതി ടീമാകെ ഉണരാന്‍. ക്യാപ്റ്റനെന്ന നിലയില്‍ അതാണ് കോലി ചെയ്യാറുള്ളത്. കോലിയുടെ ഊര്‍ജ്ജസ്വലതയോട് അടുത്തെങ്ങുമെത്താന്‍ അധികംപോരൊന്നുമില്ല.
എന്നാല്‍ രഹാനെ തികച്ചും ശാന്തനാണ്. സമ്മര്‍ദ്ദഘട്ടങ്ങല്‍ പോലും അദ്ദേഹം ശാന്തത കൈവിടാറില്ല. അതുപോലെ അദ്ദേഹം ബൗളര്‍മാരുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്യും-ഇഷാന്ത് പറഞ്ഞു. കോലിയുടെ അഭാവത്തില്‍ മുമ്പ് രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രഹാനെ രണ്ടെണ്ണത്തിലും ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!