
ദില്ലി: ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയ്‌ക്കും ശിഖര്‍ ധവാനും പരിക്കേറ്റ സാഹചര്യത്തില്‍ അജിങ്ക്യ രഹാനെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍താരം ചേതന്‍ ചൗഹാന്‍. രഹാനെയുടെ സാന്നിധ്യം ടീമിനെ കൂടുതല്‍ സന്തുലിതമാക്കും എന്നാണ് ചൗഹാന്‍റെ വിലയിരുത്തല്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മുന്‍ താരത്തിന്‍റെ പ്രതികരണം.
'അവശനായാണ് ബുമ്രയെ കാണുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരിചയസമ്പന്നനായ രഹാനെ മടങ്ങിയെത്തുമ്പോള്‍ രോഹിത്തിന്‍റെയും ധവാന്‍റെയും അസാന്നിധ്യം നിഴലിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് ഏറെ അവസരങ്ങള്‍ ലഭിച്ചു. ടീമില്‍ സ്ഥാനമുറപ്പിക്കണം എങ്കില്‍ അയാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടാന്‍ ഋഷഭ് ശ്രദ്ധിക്കണം' എന്നും ഇന്ത്യന്‍ മുന്‍താരം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ടി20കളുടെ പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര കൈവിട്ടത്. മൂന്ന് മത്സരങ്ങളിലും തോല്‍വി സമ്മതിച്ചു ടീം ഇന്ത്യ. രോഹിത്തിന്‍റെയും ധവാന്‍റെയും അഭാവത്തില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായ്‌ക്കും മായങ്ക് അഗര്‍വാളിനും മികവിലേക്കുയരാനായില്ല. ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ ബുമ്രയ്‌ക്കാകാത്തതും തിരിച്ചടിയായി. ഇതാദ്യമായാണ് കരിയറില്‍ ബുമ്ര ഒരു പരമ്പരയില്‍ വിക്കറ്റ് നേടാതിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!