ദില്ലി: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ താരം ചേതന്‍ ചൗഹാന്‍. പരമ്പര വീണ്ടും തുടങ്ങണമെന്ന ആവശ്യവുമായി യുവ്‌രാജ് സിംഗും ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയതിന് പിന്നാലെയാണ് ചേതന്‍റെ പ്രതികരണം.

'ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതിനാല്‍ ഇന്ത്യ-പാക് പരമ്പര ഇപ്പോള്‍ നടക്കേണ്ട ആവശ്യമില്ല. പാകിസ്ഥാനില്‍ കളിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പാകിസ്ഥാനില്‍ തീവ്രവാദികള്‍ തുടരുന്നിടത്തോളം കാലം ഇരും രാജ്യങ്ങളും തമ്മില്‍ മത്സരം നടക്കാന്‍ പാടില്ല' എന്നും ചേതന്‍ ചൗഹാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

'ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനരാരംഭിക്കുന്നതാവും ക്രിക്കറ്റില്‍ സംഭവിക്കാവുന്ന നല്ല കാര്യം. മറ്റൊരു പരമ്പരയ്‌ക്കും ഇത്രത്തോളം ആവേശം നിറയ്‌ക്കാന്‍ കഴിയില്ല' എന്നായിരുന്നു നേരത്തെ യുവ്‌രാദ് സിംഗ് വ്യക്തമാക്കിയത്. ഇന്ത്യ-പാക് പരമ്പരയ്‌ക്ക് ആഷസിനേക്കാള്‍ ആവേശമുണ്ട് എന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. ഇരു രാജ്യത്തെയും ക്രിക്കറ്റ് ഭരണാധികാരികള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം എന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. 

ഇന്ത്യ-പാക് ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ 2013ന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. അവസാന ടെസ്റ്റ് പരമ്പര നടന്നതാവട്ടെ 2008ലും. പാകിസ്ഥാന്‍ ഏഷ്യ കപ്പിന് വേദിയായാല്‍ ഇന്ത്യ പിന്‍മാറുമെന്ന് ബിസിസിഐ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും സമ്മതമുള്ള നിഷ്‌പക്ഷ വേദിയില്‍ മത്സരം നടത്തണം എന്നാണ് ബിസിസിഐ സ്വീകരിച്ച നിലപാട്.