പന്തില്‍ തുപ്പല്‍ പുരട്ടരുതെന്ന് അന്നേ ഞാന്‍ പറഞ്ഞു, അവര്‍ പുച്ഛിച്ച് തള്ളി; ഇപ്പോഴെന്തായെന്ന് അക്തര്‍

By Web TeamFirst Published Apr 21, 2020, 2:43 PM IST
Highlights

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഒരു യോഗത്തിലാണ് ഞാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പന്ത് പല താരങ്ങള്‍ മാറിമാറി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഒഴിവാക്കണമെന്ന് ഞാന്‍ പറഞ്ഞു.

ഇസ്‌ലാമാബാദ്: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടരുതെന്ന് അടുത്തിടെ ഐസിസി നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ കുറിച്ച് പത്ത് വര്‍ഷം മുമ്പ് ഞാന്‍ സംസാരിച്ചിട്ടുണ്ടെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍ പറയുന്നത്. യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് അക്തറിന്റെ വെളിപ്പെടുത്തല്‍. 

അക്തര്‍ പറയുന്നതിങ്ങനെ... ''പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഒരു യോഗത്തിലാണ് ഞാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പന്ത് പല താരങ്ങള്‍ മാറിമാറി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഒഴിവാക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവര്‍ പന്തില്‍ തുപ്പല്‍ പുരട്ടിയാല്‍ അതു മറ്റുള്ളവര്‍ക്കും പകരാനുള്ള സാധ്യത ഏറെയാണല്ലോ. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ പുച്ഛത്തോടെ ആ നിര്‍ദേശം തള്ളുകയായിരുന്നു.

അടുത്ത ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. ഒരു വര്‍ഷത്തേക്ക് വൈറസിന്റെ ഉപദ്രവം ഉണ്ടാകാനാണ് സാധ്യത. എങ്കിലും ഈ അവസ്ഥയില്‍നിന്ന് നമ്മള്‍ ശക്തമായി തിരിച്ചുവരും.'' അക്തര്‍ പറഞ്ഞുനിര്‍ത്തി.

click me!