ഇന്ത്യയുടെ ഭാവി നായകനെക്കുറിച്ച് ഓസീസ് താരം അലക്സ് ക്യാരി

By Web TeamFirst Published Nov 17, 2020, 6:03 PM IST
Highlights

ശ്രേയസ് ചെറുപ്പമാണ്. നായകമികവുകള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തിന് ഇനിയും ഏറെ സമയമുണ്ട്. ഡല്‍ഹി പോലെ വലിയൊരു ടീമിലെ എല്ലാ കളിക്കാരെയും ഒരുപോലെ കാണാനും അവരെ ഒത്തൊരുമയോടെ നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്.

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാവി നായകനെക്കുറിച്ച് മനസുതുറന്ന് ഓസീസ് ക്രിക്കറ്റ് താരം അലക്സ് ക്യാരി. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീം അംഗമായിരുന്നു ക്യാരി. ഐപിഎല്ലില്‍ ഡല്‍ഹിയെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാവി നായകനാണെന്നതില്‍ സംശയമില്ലെന്ന് ക്യാരി പറഞ്ഞു. ഭാവിയില്‍ ഇന്ത്യന്‍ നായകനാവാനുള്ള എല്ലാ ഗുണങ്ങളും അയ്യരിലുണ്ടെന്നും ക്യാരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ഒരു സംശയവുമില്ല, ശ്രേയസ് അയ്യര്‍ക്ക് ഭാവിയില്‍ ഇന്ത്യയെ നയിക്കാനുള്ള പ്രതിഭയുണ്ട്. വരും നാളുകളില്‍ ശ്രേയസ് മികവുറ്റ നായകനായി മാറുമെന്ന് എനിക്കുറപ്പുണ്ട്. ടീമിലെ എല്ലാ കളിക്കാരെയും സംഘടിപ്പിച്ചു നിര്‍ത്താനുള്ള ശ്രേയസിന്‍റെ കഴിവ് അപാരമാണ്. തന്‍റെ പ്രകടനത്തെക്കാളുപരി ടീം അംഗങ്ങളുടെ പ്രകടനത്തിനാണ് അദ്ദേഹം എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കുന്നത്. ഡല്‍ഹിക്കായി കഴിഞ്ഞ ഏതാനും സീസണുകളിലായി നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുക്കുന്നതെന്നും ക്യാരി പറഞ്ഞു.

ശ്രേയസ് ചെറുപ്പമാണ്. നായകമികവുകള്‍ സ്വായത്തമാക്കാന്‍ അദ്ദേഹത്തിന് ഇനിയും ഏറെ സമയമുണ്ട്. ഡല്‍ഹി പോലെ വലിയൊരു ടീമിലെ എല്ലാ കളിക്കാരെയും ഒരുപോലെ കാണാനും അവരെ ഒത്തൊരുമയോടെ നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്. കളിയോടുള്ള പോസറ്റീവ് സമീപനവും പരിശീലകന്‍ റിക്കി പോണ്ടിംഗുമൊത്തുള്ള കൂട്ടുകെട്ടും ഡല്‍ഹിക്ക് ഗുണം ചെയ്തു. ശ്രേയസിന്‍റെ ഭാവി ശോഭനമാണെന്നും ക്യാരി പറഞ്ഞു.

ഐപിഎല്ലില്‍ ഡല്‍ഹിയെ കിരീടത്തിന് അടുത്തെത്തിച്ച ശ്രേയസ് അയ്യര്‍ക്ക് ഫൈനലില്‍ മുംബൈക്ക് മുന്നിലാണ് അടിതെറ്റിയത്.

click me!