ബിസിസിഐക്ക് മുന്നില്‍ നട്ടെല്ല് വളച്ചു; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലന്‍ ബോര്‍ഡര്‍

By Web TeamFirst Published Oct 8, 2020, 8:08 PM IST
Highlights

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ തീയതികള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നതൊന്നും പ്രശ്നമല്ല. പക്ഷെ ഇത് ഇന്ത്യന്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനായി ബിസിസിഐ ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിയതാണ്.

സിഡ്നി: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ തീയതികള്‍ നിശ്ചയിച്ചതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡര്‍. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ തീയതികളില്‍ ചാനല്‍ 7 മേധാവികളായ സെവന്‍ വെസ്റ്റ് മീഡിയയും അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ബോര്‍ഡറുടെ വിമര്‍ശനം.

ഇന്ത്യ-ഓസീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ തീയതി ബിസിസിഐയുടെ താല്‍പര്യപ്രകാരം ജനുവരി ഏഴിലേക്ക് നീട്ടിയതാണ് ബോര്‍ഡറെ ചൊടിപ്പിച്ചത്. ഓസീസിലെ പുതുവര്‍ഷ ടെസ്റ്റ് എന്ന നിലയില്‍ എല്ലാവര്‍ഷവും ജനുവരി മൂന്നിനോ നാലിനോ ആണ് ടെസ്റ്റ് തുടങ്ങേണ്ടത്.  എന്നാല്‍ ബിസിസിഐ ആവശ്യപ്പെട്ടതനുസരിച്ച് ഇത് ജനുവരി ഏഴിലേക്ക് മാറ്റിയെന്ന് ബോര്‍ഡര്‍ പറഞ്ഞു.

മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റും(ഡിസംബര്‍ 26-30) സിഡ്നി ടെസ്റ്റും തമ്മില്‍ സാധാരണയായി മൂന്ന് ദിവസത്തെ ഇടവേളയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കാനായി ബിസിസിഐ സിഡ്നി ടെസ്റ്റ് ജനുവരി ഏഴിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ബ്രിസ്ബേനില്‍ നടക്കുന്ന അവസാന ടെസ്റ്റ് ജനുവരി 15 മുതല്‍ 19വരെയാണ്. ജനുവരി 14ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് തുടങ്ങുന്നതിനാല്‍ ഇരു ടൂര്‍ണമെന്‍റുകളും ഒരേസമയത്ത് നടക്കുന്ന സ്ഥിതിയുണ്ടാവും.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ തീയതികള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുന്നതൊന്നും പ്രശ്നമല്ല. പക്ഷെ ഇത് ഇന്ത്യന്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനായി ബിസിസിഐ ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിയതാണ്. ഇത് മണ്ടത്തരമാണ്. വര്‍ഷങ്ങളായി ബോക്സിംഗ് ഡേ ടെസ്റ്റും പുതുവര്‍ഷ ടെസ്റ്റും ഒന്നിന് പുറകെ ഒന്നായി നടത്താറുള്ളതാണ്.  അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളുടെ സൗകര്യാര്‍ത്ഥം അത് നീട്ടിവെച്ചതിനോട് എനിക്ക് യോജിക്കാനാവില്ല-ബോര്‍ഡര്‍ പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യ എല്ലാവരെയും വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നത് ശരിയാണ്. പക്ഷെ പരമ്പരാഗതമായി നടക്കുന്ന ടെസ്റ്റുകള്‍ മാറ്റിമറിക്കാനാവില്ലെന്ന് നമുക്ക് ഉറച്ച് പറയാന്‍ കഴിയണമായിരുന്നു.

ആദ്യ ടെസ്റ്റ് വേദി ബ്രിസ്ബേനില്‍ നിന്ന് മാറ്റിയതിനെയും ബോര്‍ഡര്‍ വിമര്‍ശിച്ചു. ഇന്ത്യ ആദ്യ ടെസ്റ്റ് ബ്രിസ്ബേനില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെയൊക്കെയാണ് വേദികള്‍, ഇതാണ് തീയതികള്‍ എന്ന് ഉറച്ച് പറയാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കഴിയണമായിരുന്നു. കളി നടക്കുമോ ഇല്ലേ  എന്നതല്ല ഉറച്ച നിലപാട് എടുക്കാത്തതാണ് പ്രശ്നമെന്നും ബോര്‍ഡര്‍ പറഞ്ഞു. പരമ്പരയിലെ വിജയികള്‍ക്ക് അലന്‍ ബോര്‍ഡറുടെയും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറുടെയും പേരിലുള്ള ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയാണ് നല്‍കുന്നത്.

click me!