റെക്കോര്‍ഡ് സ്‌കോറുമായി ആലപ്പി റിപ്പിള്‍സ്; കൊല്ലം സെയിലേഴ്‌സിനെതിരെ 83 റണ്‍സിന്റെ കൂറ്റന്‍ വിജയം

Published : Aug 30, 2026, 09:10 AM IST
Mohammed Azharuddeen

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ ആലപ്പി റിപ്പിള്‍സിന് 83 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത റിപ്പിള്‍സ്, മുഹമ്മദ് അസ്ഹറുദ്ദീന്റെ (107*) സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ 253/1 എന്ന റെക്കോര്‍ഡ് സ്കോര്‍ നേടി. മറുപടി ബാറ്റിംഗില്‍ സെയിലേഴ്‌സിന് 170 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

തിരുവനന്തപുരം: ബാറ്റിങ് റെക്കോര്‍ഡുകള്‍ കടപുഴകിയ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ 83 റണ്‍സിന് തകര്‍ത്ത് ആലപ്പി റിപ്പിള്‍സ്. റിപ്പിള്‍സ് ഉയര്‍ത്തിയ 254 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത സെയിലേഴ്‌സിന് 170 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിള്‍സ് 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് നേടിയത്. കെസിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിള്‍സ് - 20 ഓവറില്‍ 253/1, ഏരീസ് കൊല്ലം സെയിലേഴ്‌സ് - 17.1 ഓവറില്‍ 170/9

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റിപ്പിള്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ആകാശ് പിള്ള തുടങ്ങിയത്. തുടര്‍ന്ന് കണ്ടത് കൂറ്റന്‍ ഷോട്ടുകളുടെ പെരുമഴയാണ്. പവന്‍ രാജിനൊഴികെ സെയിലേഴ്‌സ് ബൗളിങ് നിരയിലാര്‍ക്കും റിപ്പിള്‍സിന്റെ സ്‌കോറിങ് നിയന്ത്രിച്ചു നിര്‍ത്താനായില്ല. അഞ്ചാം ഓവറില്‍ തന്നെ റിപ്പിള്‍സിന്റെ സ്‌കോര്‍ അന്‍പതിലെത്തി. തന്റെ മാന്ത്രിക ഫോം തുടര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ വെറും 23 പന്തുകളില്‍ നിന്നാണ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മറുവശത്ത് ആകാശ് പിള്ള അസറിന് മികച്ച പിന്തുണ നല്‍കി.

സെയിലേഴ്‌സിന്റെ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അസ്ഹറുദ്ദീനും ആകാശും ചേര്‍ന്ന് 8.3 ഓവറില്‍ റിപ്പിള്‍സിന്റെ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 155ല്‍ നില്‍ക്കെ 14-ാം ഓവറിലെ ആദ്യ പന്തിലാണ് റിപ്പിള്‍സിന്റെ ഏക വിക്കറ്റ് വീണത്. 42 പന്തില്‍ 72 റണ്‍സെടുത്ത ആകാശ് പിള്ള, എ.ജി. അമലിന്റെ പന്തില്‍ എസ്. മിഥുന്‍ ക്യാച്ചെടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആകാശിന്റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും ആഞ്ഞടിച്ചതോടെ 17-ാം ഓവറില്‍ സ്‌കോര്‍ 200ല്‍ എത്തി.

തൊട്ടുപിന്നാലെ അസ്ഹറുദ്ദീന്‍ തന്റെ മൂന്നാം സെഞ്ചുറിയും പൂര്‍ത്തിയാക്കി. കെസിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറി നേടുന്നത്. 23 പന്തില്‍ അന്‍പത് തികച്ച അസര്‍, 48 പന്തിലാണ് നൂറിലെത്തിയത്. ഈ സീസണില്‍ സെയിലേഴ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിലും അസര്‍ സെഞ്ചുറി നേടിയിരുന്നു. ഇന്നിങ്‌സിനിടെ അസര്‍ ഈ സീസണില്‍ 500 റണ്‍സും പൂര്‍ത്തിയാക്കി. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമടക്കം 526 റണ്‍സാണ് സീസണില്‍ അസ്ഹറുദ്ദീന്‍ ഇതുവരെ നേടിയത്. 52 പന്തില്‍ നാല് ഫോറും എട്ട് സിക്‌സുമടക്കം 107 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. മറുവശത്ത് സച്ചിന്‍ ബേബിയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 26 പന്തുകളില്‍ നാല് ഫോറും ഏഴ് സിക്‌സുമടക്കം 68 റണ്‍സാണ് സച്ചിന്‍ നേടിയത്. കെ.ജി. അഖില്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം നാല് പന്തില്‍ 22 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയിലേഴ്‌സിന് ആദ്യ പന്തില്‍ തന്നെ ആനന്ദ് കൃഷ്ണന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ വത്സല്‍ ഗോവിന്ദ് തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 26 റണ്‍സുമായി മടങ്ങി. എന്നാല്‍ അഭിഷേക് ജെ. നായരും അജിനാസും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് ഒന്‍പതാം ഓവറില്‍ തന്നെ സ്‌കോര്‍ 100 കടത്തി. എന്നാല്‍ 111ല്‍ നില്‍ക്കെ അഭിഷേക് നായര്‍ പുറത്തായി. 26 പന്തുകളില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമടക്കം 47 റണ്‍സാണ് അഭിഷേക് നേടിയത്.

അഭിഷേകിന് ശേഷമെത്തിയ അര്‍ജുന്‍ വേണുഗോപാലും മികച്ച രീതിയില്‍ ബാറ്റ് വീശി. അര്‍ജുനും അജിനാസും ചേര്‍ന്ന് മൂന്ന് ഓവറില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരേ ഓവറില്‍ ഇരുവരെയും പുറത്താക്കി ശ്രീരൂപ് കളി റിപ്പിള്‍സിന്റെ വരുതിയിലാക്കി. അജിനാസ് 38ഉം അര്‍ജുന്‍ വേണുഗോപാല്‍ 21ഉം റണ്‍സെടുത്തു. 24 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായതോടെ 170 റണ്‍സിന് സെയിലേഴ്‌സിന്റെ ഇന്നിങ്‌സിന് അവസാനമായി. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീരൂപാണ് റിപ്പിള്‍സിന്റെ ബൗളിങ് നിരയില്‍ തിളങ്ങിയത്. അഖില്‍ ദേവ് മൂന്നും അജിത് പ്രവീണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി; 100 കോടി തട്ടിയെന്ന് ആരോപണം
ഗ്രീന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് 'യൂണിവേഴ്‌സല്‍ ബോസ്'; സിക്‌സര്‍ മഴയും 'എന്താ മോനെ ദിനേശാ' ഡയലോഗുമായി ക്രിസ് ഗെയ്ല്‍