
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീര്‍ത്ത് ആലപ്പി റിപ്പിള്‍സ് ഉപനായകന്‍ മുഹമ്മദ് അസറുദ്ദീന്‍. ട്രിവാന്‍ഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്‍ ആലപ്പി റിപ്പിള്‍സിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. നിശ്ചിത 20 ഓവറില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. ആലപ്പിക്കുവേണ്ടി വിനില്‍ ടി എസ് 3 വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ആദ്യം മുതല്‍ അവസാനം വരെ ഒരേ താളത്തില്‍ ആക്രമിച്ച് കളിച്ച അസര്‍ ട്രിവാന്‍ഡ്രത്തിന്റെ പരാജയം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസറുദ്ദീന്‍ 20 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നീട് ഒമ്പത് പന്ത് കൂടി നേരിട്ട അസര്‍ 68 റണ്‍സ് നേടിയാണ് മടങ്ങിയത്. അഞ്ച് കൂറ്റന്‍ സിക്‌സറുകളും എട്ട് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ആദ്യ ഓവറില്‍ തന്നെ റോയല്‍സിന്റെ ബൗളര്‍ വിനോദ് കുമാറിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ അസര്‍ പിന്നീടങ്ങോട്ട് ബൗളര്‍മാരെ നിര്‍ദയം കടന്നാക്രമിക്കുകയായിരുന്നു.
വിനോദിന്റെ പന്തില്‍ തന്നെയായിരുന്നു അസറിന്റെ ആദ്യ സിക്‌സറും പിറന്നത്. തൊട്ടടുത്ത ഓവറില്‍ സിജോമോന്‍ ജോസഫിനെയും അതിര്‍ത്തി കടത്തിയതോടെ ട്രിവാന്‍ഡ്രം ബൗളര്‍മാര്‍ ശരിക്കും വെള്ളംകുടിച്ചു. ഫോമിലേക്ക് ഉയര്‍ന്ന അസറുദ്ദീനെ പിടിച്ചുകെട്ടാന്‍ റോയല്‍സിന്റെ ബൌളര്‍മാര്‍ക്കായില്ല. ഓപ്പണിങ് വിക്കറ്റില്‍ സക്‌സേനയും അസറും ചേര്‍ന്ന് 19 പന്തില്‍ 33 റണ്‍സാണ് അടിച്ചെടുത്തത്. പിന്നീട് സക്‌സേന മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചിനൊപ്പം നിലയുറപ്പിച്ച അസര്‍ ടീമിന്റെ സ്‌കോറിങ് വേഗം ഉയര്‍ത്തി.
ഇരുവരും ചേര്‍ന്ന് 31 പന്തില്‍ 58 റണ്‍സ് നേടി. അസറുദ്ദീന്റെ ഈ അത്യുഗ്രന്‍ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിലാണ് അഞ്ച് ഓവറില്‍ തന്നെ ആലപ്പിയുടെ സ്‌കോര്‍ 60-ല്‍ എത്തിയത്. ഒടുവില്‍ എട്ടാം ഓവറില്‍ നിഖില്‍ എമ്മിന്റെ പന്തില്‍ അക്ഷയ്ക്ക് ക്യാച്ച് നല്‍കിയാണ് അസര്‍ മടങ്ങുന്നത്. അസറിന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ മികവില്‍ പുതിയ സീസണ് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് റിപ്പിള്‍സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!