
ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ (CWC 2022) ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത് അലീസ ഹീലിയുടെ (Alyssa Healy) സെഞ്ചുറിയായിരുന്നു. 138 പന്തില്‍ 170 റണ്‍സാണ് ഹീലി അടിച്ചെടുത്തത്. ഹീലിയുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി. ഓപ്പണര്‍ റേച്ചല്‍ ഹയ്‌നസിനൊപ്പം (68) ഒന്നാം വിക്കറ്റില്‍ 160 റണ്‍സാണ് ഹീലി കൂട്ടിചേര്‍ത്തത്. ഹയ്‌നസ് പുറത്തായെങ്കിലും ആക്രമിച്ച് കളിച്ച ഹീലി ഓസീസിന്റെ സ്‌കോര്‍ 350 കടത്തി.
ഇതോടെ ഒരു റെക്കോര്‍ഡും ഓസീസ് താരത്തെ തേടിയെത്തി. പുരുഷ- വനിതാ ലോകകപ്പ് ഫൈനലുകളില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ഹീലിയെ തേടിയെത്തിയത്. വ്യക്തിഗത സ്‌കോര്‍ 1 50 ആയപ്പോള്‍ തന്നെ ഹീലി ഗില്‍ക്രിസ്റ്റിനെ മറികടന്നു. 2007 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 149 റണ്‍സാണ് ഗില്‍ക്രിസ്റ്റ് നേടിയിരുന്നത്. ഫൈനലില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ നതാലി സ്‌കിവറും ഇടം നേടി.
ഇന്ന് ഓസീസിനെതിരെ പുറത്താവാതെ നേടിയ 148 റണ്‍സാണ് സ്‌കിവറെ മൂന്നാം സ്ഥാനത്തെത്തിച്ചത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാമത്. 2003ല്‍ ഇന്ത്യക്കെതിരായ ഫൈനലില്‍ പുറത്താവാതെ 140 റണ്‍സാണ് പോണ്ടിംഗ് നേടിയത്. 1979ല്‍ 138 റണ്‍സുമായി പുറത്താവാതെ നിന്ന വിന്‍ഡീസ് ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്‌സ് അഞ്ചാമതുണ്ട്.
മറ്റൊരു റെക്കോര്‍ഡ് കൂടി ഹീലിയുടെ അക്കൗണ്ടിലായി. വനിതാ ലോകകപ്പിലൊന്നാകെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും ഹീലിയാണ്. സഹതാരം റേച്ചല്‍ ഹയ്‌നെസ് രണ്ടാം സ്ഥാനത്തുമുണ്ട്. ഈ ലോകകപ്പില്‍ 509 റണ്‍സാണ് ഹീലി നേടിയത്. റേച്ചലിന്റെ അക്കൗണ്ടില്‍ 497 റണ്‍സുണ്ട്. 1997 ലോകകപ്പില്‍ 456 റണ്‍സെടുത്ത ഡെബ്ബി ഹോക്ലിയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 1988 ലോകകപ്പില്‍ 448 റണ്‍സടിച്ച ലിന്‍ഡ്‌സെ റീലറാണ് നാലാമത്. അതേ ലോകകപ്പില്‍ 445 റണ്‍സെടുത്ത ഹോക്ലി അഞ്ചാമതുണ്ട്.
ക്രൈസ്റ്റ് ചര്‍ച്ചില്‍ ആവേശം നിറഞ്ഞ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കി ഓസ്ട്രേലിയന്‍ വനിതകള്‍ ഏഴാം കിരീടമുയര്‍ത്തി. ഓസ്ട്രേലിയയുടെ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 121 പന്തില്‍ 15 ഫോറും ഒരു സിക്സറും സഹിതം 148* റണ്‍സുമായി പുറത്താകാതെ നിന്ന ഇംഗ്ലീഷ് ബാറ്റര്‍ നാടലീ സൈവറുടെ പോരാട്ടം പാഴായി.
അതേസമയം അലീസ ഹീലിയാണ് ഓസീസിന്റെ വിജയശില്‍പിയും ഫൈനലിലെയും ടൂര്‍ണമെന്റിലേയും മികച്ച താരവും. സ്‌കോര്‍: ഓസ്ട്രേലിയ- 356/5 (50), ഇംഗ്ലണ്ട്- 285 (43.4).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!