ടി20 ലോകകപ്പിലെ ഏറ്റവും വലിയ ചര്‍ച്ചയാകുന്ന ഉസ്മാൻ താരിഖ്. നാല് മത്സരങ്ങള്‍ മാത്രമാണ് ട്വന്റി 20യില്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുള്ളത്. 11 വിക്കറ്റുകള്‍
ചെറിയൊരു റണ്ണപ്പ്, ശേഷം രണ്ട് സെക്കൻഡ് ദൈര്‍ഘ്യമുള്ള പോസ്, പിന്നാലെ സ്ലിങ് ആക്ഷനിലൂടെ പന്ത് റിലീസ് ചെയ്യുന്നു. ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന, ക്രിക്കറ്റ് ലോകത്തെ മുഴുവൻ അസ്വസ്ഥമാക്കിയ ഉസ്മാൻ താരിഖ്.
ബൗളിങ് ആക്ഷനും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന വിവാദങ്ങളും, അതാണ് ഉസ്മാൻ താരിഖിന്റെ ക്രിക്കറ്റ് ഭൂമികയിലെ അടയാളം. പക്ഷേ, പട്ടിണി മാറ്റാൻ അഞ്ഞൂറും ആയിരം രൂപയ്ക്കും പന്തെറിഞ്ഞ, വിദേശത്തെ ലേബര്‍ ക്യാമ്പില്‍ നരകിച്ച, തൊഴില്‍ തേടി രാജ്യങ്ങള്‍ അലഞ്ഞ ഒരു ഉസ്മാൻ താരിഖുണ്ട്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമെല്ലാം ക്രിക്കറ്റായിരുന്നു, അതിനോടുള്ള അടങ്ങാത്ത വിശപ്പ്, അയാളെ ലോകകപ്പിലേക്ക് എത്തിച്ചതും ആ വിശപ്പായിരുന്നു, ഇടയില്‍ എം എസ് ധോണിയുടെ ജീവതം ഒരു നിയോഗം പോലെ വഴികാട്ടി.
പിതാവിന്റെ മരണം. ആശിച്ച കരിയറിന് മുകളില്‍ പട്ടിണിയും ഉത്തരവാദിത്തങ്ങളും നിഴലിച്ചു നിന്ന ആദ്യ സന്ദര്‍ഭം. കൗമാരത്തിലേക്ക് എത്തിയിട്ടില്ല ഉസ്മാൻ താരിഖ് അന്ന്. ദുബായിയായിരുന്നു ആശ്വാസത്തിനായി കണ്ടത്തിയ നഗരം. പക്ഷേ, പതിനായിരങ്ങളെ ജീവിതം പഠിപ്പിച്ച ദൂബായ് ഒരു ദുസ്വപ്നമായിരുന്നു ഉസ്മാൻ താരിഖിന്. ആദ്യ ജോലി ഹോട്ടലില്‍, ദിവസം മുഴുവൻ നിന്ന് പച്ചക്കറി അരിഞ്ഞ് പുറം പൊളിഞ്ഞ് ഉസ്മാൻ താരിഖ് വിളിച്ച് കരയുന്ന സന്ദര്‍ഭങ്ങളെ ഇന്നും ഓര്‍ക്കുന്നുണ്ട് സഹോദരൻ ഹസീബ് റഹ്മാൻ.
പിടിച്ചുനില്‍ക്കാനാകാതെ പേശാവറിലേക്ക് മടക്കം. ഹസീബ് അക്കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു എൻജിഓയുടെ ഭാഗമാണ്. ഉസ്മാന്റെ അവസ്ഥ കണ്ട് ഹസീബ് കാബൂളിലേക്ക് ക്ഷണിച്ചു. നിരന്തരമായ തൊഴിലന്വേഷണങ്ങള്‍ ഫലമില്ലാതെ മുന്നോട്ടുപോയി. ഒടുവില്‍ ഹസീബിന്റെ എൻജിഒയിലും ശ്രമിച്ചു, തന്റെ പാതിശമ്പളം നല്‍കിയെങ്കിലും ഉസ്മാന് ജോലി കൊടുക്കണമെന്ന് ഹസീബ് അപേക്ഷിച്ചിട്ടും അത് സംഭവിച്ചില്ല.
കാബൂളിലെ മൈനസ് 15 ഡിഗ്രി തണുപ്പ് ഉസ്മാൻ താരിഖിന്റെ ആരോഗ്യസ്ഥിതി മോശമാക്കുകയായിരുന്നു. ആഴ്ചകളോളം നീണ്ട അലച്ചിലിനൊടുവില്‍ വീണ്ടും പാക്കിസ്ഥാനിലേക്ക് തിരികെ മടങ്ങി. ഇസ്ലാമാബാദില്‍ പലവിധ ജോലികളുമായി നീണ്ട മൂന്ന് വര്‍ഷങ്ങള്‍. 2016ല്‍ ഒരിക്കല്‍ക്കൂടി ഉസ്മാൻ താരിഖ് ദുബായിലെത്തി. രണ്ടാം വരവില്‍ ലേബര്‍ ക്യാമ്പിലെ നരകജീവിതം, 20 പേരടങ്ങുന്ന മുറിയില്‍ ഉണ്ടുറങ്ങി നീങ്ങി.
ഒടുവില്‍ ലോജിസ്റ്റിക്ക്‌സ് കമ്പനിയില്‍ ജോലി ലഭിച്ചതുമുതല്‍ വീണ്ടും ക്രിക്കറ്റ് സ്വപ്നങ്ങള്‍ പൊടിതട്ടിയെടുക്കുകയായിരുന്നു. ആദ്യ വഴിത്തിരിവ് 2016 ഒക്ടോബറിലാണ്. അന്ന് ദുബായില്‍ പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് ടീമായ പേശാവര്‍ സല്‍മി നടത്തിയ ടാലന്റ് ഹണ്ട് നടത്തി. ഉസ്മാൻ താരിഖിന്റെ ബൗളിങ്ങ് കണ്ട സല്‍മി സംഘം ഇംപ്രെസ്‌ഡാവുകയും പാക്കിസ്ഥാനിലേക്ക് മത്സരങ്ങള്‍ക്കായി മടങ്ങി വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പക്ഷേ, തൊഴിലുപേക്ഷിച്ചിറങ്ങാനൊരു ധൈര്യം അന്നും ഉസ്മാൻ താരിഖിനുണ്ടായിരുന്നില്ല. നഷ്ടപ്പെടുത്തിയ അവസരങ്ങളെയോര്‍ത്ത് നിരാശയിലേക്ക്. അങ്ങനെയിരിക്കെയാണ് 2017 എം എസ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം ഉസ്മാൻ താരിഖും ഹസീബും ചേര്‍ന്ന് കാണുന്നത്. അന്ന് ഹസീബിനോട് ഉസ്മാൻ താരിഖ് പറഞ്ഞു, ഭായ് ജാൻ മേരാ സീൻ ഭി തോ യഹി ഹെ. സ്ക്രീനില്‍ തെളിഞ്ഞ ധോണിയുടെ ജീവിതം ഉസ്മാൻ താരിഖിനോട് സമാനമായിരുന്നു.
ഒരിക്കല്‍ക്കൂടി ദൂബായിയോട് യാത്ര പറയുമ്പോള്‍ ഒരു തീരുമെടുത്തു ഉസ്മാൻ താരിഖ്, ക്രിക്കറ്റിനപ്പുറം തനിക്കൊന്നുമില്ലെന്ന്. ഇതിനിടയിലാണ് ഉസ്മാൻ താരിഖിന്റെ ബൗളിങ് ദൃശ്യങ്ങള്‍ വൈറലാകുന്നത്. നൗഷേരയിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ചെറിയ തുകയ്ക്കെങ്കിലും ഉസ്മാൻ താരിഖിനായി ടീമുകള്‍ സമീപിച്ചു. കിലോ മീറ്ററുകളോളം നടന്നും അലഞ്ഞും മൈതാനങ്ങളിലേക്ക്.
അന്നും താങ്ങായി ഹസീബുണ്ടായിരുന്നു, ബൈക്ക് വാങ്ങാൻ പണം നല്‍കി അല്‍പ്പമെങ്കിലും എളുപ്പമാക്കി. അതോടെ കഷ്ടതകളുടെ ക്ലൈമാക്സിനോട് അടുക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നൊരു ചെറിയ ക്ലബ്ബില്‍ നിന്ന് വിളിയെത്തി. കറാച്ചി പ്രീമിയര്‍ ലീഗില്‍ തിളങ്ങി, ശേഷം പിഎസ്എല്ലിലേക്ക്, പിന്നാലെ കരീബിയൻ പ്രീമിയര്‍ ലീഗ്. ഒടുവില്‍ പാക്കിസ്ഥാന്റെ ദേശീയ ടീമിലേക്കും.
ടി20 ലോകകപ്പിലെ ഏറ്റവും വലിയ ചര്‍ച്ചയാകുന്ന ഉസ്മാൻ താരിഖ്. നാല് മത്സരങ്ങള്‍ മാത്രമാണ് ട്വന്റി 20യില്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുള്ളത്. 11 വിക്കറ്റുകള്‍. എക്കണോമി ആറിന് താഴെ. വിക്കറ്റെടുക്കാത്ത മത്സരങ്ങള്‍ കരിയറില്‍ പോലും ചുരുക്കമാണെന്ന് ഓര്‍ക്കണം. ഇന്ത്യയെ നേരിടാൻ ഇറങ്ങുമ്പോള്‍ സല്‍മാൻ അലി അഗയുടെ വജ്രായുധം.
Powered by:



