'ധോണി ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു'; ചെന്നൈക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പാട്ടി റായുഡു

Published : Apr 06, 2026, 11:12 AM IST
Chennai Super Kings

Synopsis

ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡെത്ത് ഓവര്‍ ബൗളിംഗിനെതിരെ മുന്‍ താരം അമ്പാട്ടി റായുഡു രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നതിന് പിന്നാലെ ടീമിന്റെ ഡെത്ത് ഓവര്‍ ബൗളിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം അമ്പാട്ടി റായുഡു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 43 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. അവസാന നാല് ഓവറില്‍ 78 റണ്‍സ് വഴങ്ങിയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ 19-ാം ഓവറില്‍ 30 റണ്‍സാണ് ആര്‍സിബി താരം ടിം ഡേവിഡ് അടിച്ചെടുത്തത്.

പിന്നാലെ ഓവര്‍ട്ടണിനെതിരെ മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു രംഗത്ത് വന്നു. എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിയാനുള്ള ഓവര്‍ട്ടന്റെ ശ്രമത്തെ റായുഡു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.... ''പരിശീലന സമയത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടെങ്കിലും എം എസ് ധോണി ഒരിക്കലും മത്സരങ്ങളില്‍ ഇത് പ്രയോഗിക്കാന്‍ അനുവദിക്കില്ലായിരുന്നു. ബാറ്റര്‍മാര്‍ക്ക് ഇത്തരം ആംഗിളുകള്‍ നേരിടാന്‍ എളുപ്പമാണ്. ക്രീസിന് പുറത്തേക്ക് അല്പം നീങ്ങി നിന്നാല്‍ ഈ തന്ത്രം പാളും. അതുകൊണ്ട് തന്നെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് ബേസിക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.'' റായുഡു പറഞ്ഞു.

ബൗളിംഗ് നിരയിലെ പ്രതിസന്ധി

പ്രധാന ബൗളറായ നഥാന്‍ എല്ലിസിന് പരിക്കേറ്റത് ചെന്നൈയുടെ ബൗളിംഗ് കരുത്തിനെ ബാധിച്ചിട്ടുണ്ട്. എല്ലിസിന് പകരക്കാരനായി എത്തിയ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. എല്ലിസിന് പകരം ടീമിലെത്തിയ ജാമി ഓവര്‍ട്ടണാകട്ടെ ഡെത്ത് ഓവറുകളില്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്. തന്റെ കരിയറില്‍ ഇതുവരെ രണ്ട് ഓവര്‍ പോലും 'എറൗണ്ട് ദി വിക്കറ്റ്' എറിയാത്ത ഓവര്‍ട്ടണ്‍ ബെംഗളൂരുവിനെതിരെ ഈ തന്ത്രം പയറ്റിയത് പാളിപ്പോയി. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ 11.57 എന്ന ഉയര്‍ന്ന ഇക്കോണമി റേറ്റിലാണ് ചെന്നൈ റണ്‍സ് വഴങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത്

തുടര്‍ച്ചയായ തോല്‍വികളോടെ -2.517 എന്ന മോശം റണ്‍റേറ്റുമായി പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടീമിന്റെ ബൗളിംഗ് നിര വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കറും നേരത്തെ നിരീക്ഷിച്ചിരുന്നു. ഏപ്രില്‍ 11 ശനിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഈ പോരാട്ടത്തിലൂടെ ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ഷമ വേണം, സമയമെടുക്കും! സഞ്ജുവിനെ പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്
ഗ്യാലറിയിലേക്ക് ക്യാമറക്കണ്ണുകൾ പതിവുപോലെ നീങ്ങിയപ്പോൾ സുന്ദരിയായ യുവതി, സോഷ്യൽമീഡിയയെ ഇളക്കി മറിച്ച പഞ്ചാബ് ആരാധിക, ആരാണ് ഈ യുവതി?