
വിശാഖപ്പട്ടണം: രഞ്ജി ട്രോഫിയില്‍ ആന്ധ്രാ പ്രദേശിനെതിരെ കേരളത്തിന്റെ തിരിച്ചുവരവ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആന്ധ്ര ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഏഴിന് 260 എന്ന നിലയിലാണ്. 79 റണ്‍സുമായി ക്യാപ്റ്റന്‍ റിക്കി ഭുയി ക്രീസിലുണ്ട്. മഹീപ് കുമാറാണ് (81) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്.
മികച്ച തുടക്കമായിരുന്നു കേരളത്തിന്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ രേവന്ദ് റെഡ്ഡിയെ (0) പുറത്താക്കാന്‍ കേരളത്തിനായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അശ്വിന്‍ ഹെബ്ബാര്‍ (28), ഹനുമ വിഹാരി (24) എന്നിവര്‍ക്കും വലിയ സംഭാവന നല്‍കാനായില്ല. എന്നാല്‍ ഒരറ്റത്ത് മഹീപ് വിക്കറ്റ് കളയാതെ കാത്തു. എന്നാല്‍ വൈശാഖിന്റെ പന്തില്‍ മഹീപ് മടങ്ങി. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
മഹീപ് മടങ്ങിയതോടെ നാലിന് 144 എന്ന നിലയിലായി ആന്ധ്ര. തുടര്‍ന്ന് റിക്കി - കരണ്‍ ഷിന്‍ഡെ (43) സഖ്യം സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. ആതിഥേയരെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതും ഈ കൂട്ടുകെട്ടായിരുന്നു. ഇരുവരും 104 റണ്‍സാണ് ടോട്ടലിനൊപ്പം ചേര്‍ത്തത്. എന്നാല്‍ ഷിന്‍ഡെയെ അക്ഷയ് ചന്ദ്രന്‍ പുറത്താക്കി. ആദ്യ ദിനത്തെ അവസാന ഓവറുകളില്‍ എസ് കെ റഷീദ് (0), ഷൊയ്ബ് മുഹമ്മദ് ഖാന്‍ (5) എന്നിവരെ കൂടി മടക്കി കേരളം ആന്ധ്രയെ പ്രതിരോധത്തിലാക്കി. നേരത്തെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് വിശ്രമം നല്‍കിയാണ് കേരളം ഇറങ്ങിയത്.
കേരളം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, വൈശാഖ് ചന്ദ്രന്‍, എന്‍ പി ബേസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!