ഇന്ത്യന്‍ ക്രിക്കറ്റിലെ അഞ്ചാം തമ്പുരാനാകാന്‍ രോഹിത് ശര്‍മ്മ; കാത്തിരിക്കുന്നത് നാഴികക്കല്ല്

By Web TeamFirst Published Jun 7, 2023, 9:47 AM IST
Highlights

വിരാട് കോലിക്ക് കീഴിൽ ഇന്ത്യ കളിച്ച രണ്ട് ഫൈനലിലും തോൽവിയായിരുന്നു ഫലം

ഓവല്‍: ആദ്യമായാണ് രോഹിത് ശർമ്മയുടെ കീഴിൽ ടീം ഇന്ത്യ ഒരു ഐസിസി ടൂർണമെന്‍റ് ഫൈനലിലെത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നതോടെ ഐസിസി ഫൈനലിൽ ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ നായകനാകും രോഹിത് ശർമ്മ. ഇന്ത്യയെ ലോക ക്രിക്കറ്റ് അപകടകാരിയായി കണ്ട് തുടങ്ങിയത് 1983 മുതലാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കപിലിന്‍റെ ചെകുത്താന്മാർ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് കിരീടത്തിലെത്തിയപ്പോൾ പിറന്നത് പുതു ചരിത്രം. പിന്നീട് 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ഐസിസി ഫൈനൽ കളിക്കുന്നത്.

2000ലെ ചാമ്പ്യൻസ് ട്രോഫിയിൽ പക്ഷേ ഗാംഗുലിയുടെ ടീം ന്യൂസിലൻഡിന് മുന്നിൽ വീണു. ഏറെക്കാലത്തെ കിരീടവരൾച്ചയ്ക്ക് ഇന്ത്യ അറുതി വരുത്തിയത് 2002 ചാമ്പ്യൻസ് ട്രോഫിയിലാണ്. ശ്രീലങ്കൻ നായകൻ ജയസൂര്യക്കൊപ്പം കിരീടം ഏറ്റുവാങ്ങി സൗരവ് ഗാംഗുലി. മഴ കളിമുടക്കിയ ഫൈനലിൽ ഇരു ടീമുകളും കിരീടം പങ്കുവയ്ക്കുകയായിരുന്നു. 2003 ലോകകപ്പിലും ഫൈനലിലെത്തിയെങ്കിലും അന്നത്തെ പ്രതാപകാരികളായ ഓസ്ട്രേലിയക്ക് മുന്നിൽ ഇന്ത്യ വീണു. ഗാംഗുലിക്ക് ശേഷം ടീമിനെ അടിമുടി മാറ്റിയ മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യക്ക് ഏറ്റവുമധികം നേട്ടം സമ്മാനിച്ച നായകൻ. നാല് ഐസിസി ടൂർണമെന്‍റുകളിൽ ഫൈനൽ കളിക്കാൻ ധോണിയുടെ ഇന്ത്യക്കായി. 2007 ട്വന്‍റി 20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും 2013 ചാമ്പ്യൻസ് ട്രോഫിയിലും കിരീടം സ്വന്തമായി. 2014 ട്വന്‍റി 20 ലോകകപ്പ് ഫൈനലിൽ പക്ഷേ ധോണിക്ക് ടീമിന് കിരീടം സമ്മാനിക്കാനായില്ല.

വിരാട് കോലിക്ക് കീഴിൽ ഇന്ത്യ കളിച്ച രണ്ട് ഫൈനലിലും തോൽവിയായിരുന്നു ഫലം. 2017ൽ ചാമ്പ്യൻസ് ട്രോഫിയിലും പിന്നീട് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കലാശപ്പോരാട്ടത്തിൽ ഇന്ത്യ തോറ്റു. ഐസിസി ഫൈനലിൽ ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ നായകനാകാനാണ് രോഹിത് തയ്യാറെടുക്കുന്നത്. 10 വർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതിവരുത്തുകയാണ് രോഹിത് ശര്‍മ്മയ്‌ക്ക് മുന്നിലുള്ള ലക്ഷ്യം. ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോര് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ കൈവിട്ട കിരീടം നേടുകയാണ് ഇക്കുറി ഹിറ്റ്‌മാന്‍റെയും സംഘത്തിന്‍റേയും ലക്ഷ്യം. 

Read more: ഗുസ്‌തി താരങ്ങളുടെ സമരം; വീഴ്‌ച പറ്റിയെന്ന വിലയിരുത്തലില്‍ കേന്ദ്രം, ഒത്തുതീര്‍പ്പിന് വീണ്ടും ശ്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!