കോലിയും അനുഷ്‌കയും പോയ വഴിയിലൂടെ കുബ്ലെയും; കൊവിഡ് പ്രതിരോധത്തിന് ധനസഹായം പ്രഖ്യാപിച്ചു

By Web TeamFirst Published Apr 1, 2020, 1:24 PM IST
Highlights

നിരവധി കായിക താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്തിയില്ലെങ്കിലും മൂന്ന് കോടിയോളം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ബംഗളൂരു: കൊവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് കുംബ്ലെ സംഭാവന നല്‍കിയത്. എന്നാല്‍ തുക എത്രയെന്ന് കുംബ്ലെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും സംഭാവന തുക വ്യക്തമാക്കിയിരുന്നില്ല.

ട്വിറ്ററിലൂടെയാണ് കുംബ്ലെ തുക നല്‍കിയ കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പറയുന്നതിങ്ങനെ...''കോവിഡ് 19നെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ നാം ഓരോരുത്തരും ഒപ്പം ചേര്‍ന്ന് ഇതിനെതിരെ പോരാടണം. ഇതിലേക്കായി ഞാന്‍ എന്റേതായ ചെറിയൊരു സംഭാവന പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കുന്നു. നിങ്ങളും സംഭാവനകള്‍ ഉറപ്പാക്കൂ. എല്ലാവരും സുരക്ഷിതരായി വീടുകളില്‍ത്തന്നെ കഴിയൂ.'' കുംബ്ലെ കുറിച്ചിട്ടു. 

To bowl out we all need to come together and fight this battle. I have made my humble contributions to and Please do

— Anil Kumble (@anilkumble1074)

നിരവധി കായിക താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്തിയില്ലെങ്കിലും മൂന്ന് കോടിയോളം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (50 ലക്ഷം), സുരേഷ് റെയ്ന (52 ലക്ഷം), അജിന്‍ക്യ രഹാനെ (10 ലക്ഷം) തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരങ്ങള്‍. ധോണി എന്‍ജിഒ വഴി ഒരു ലക്ഷം നല്‍കി. പഠാന്‍ സഹോദന്മാര്‍ 4000 മാസ്‌കുകളും സംഭാവന ചെയ്തു. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ ബിസിസിഐ 51 കോടി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.

click me!