
മുംബൈ: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം മോശമായി എന്നും താരം ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ മുന്‍ താരം അഞ്ജും ചോപ്ര. ഇന്ത്യന്‍ വനിതാ ടീമിനായി 157 മത്സരങ്ങള്‍ കളിച്ച അഞ്ജും ചോപ്ര 41 മത്സരങ്ങളില്‍ ക്യാപ്റ്റനുമായിരുന്നു.
'വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഈ ദേഷ്യമൊക്കെ അവസാനിച്ച് ശാന്തയാകുമ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വയം ആലോചിക്കും എന്നാണ് ഞാന്‍ കരുതുന്നത്. എതിര്‍ അഭിപ്രായം തുറന്നുപറയുന്നതില്‍ തെറ്റില്ല. എന്നാല്‍ എപ്പോള്‍, എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. പ്രയോഗിക്കുന്ന വാക്കുകളില്‍ ഹര്‍മന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നിക്കോ മീറ്ററോ, ബോള്‍ ട്രാക്കിംഗോ ഇല്ലാത്തതിനാല്‍ അംപയര്‍മാര്‍ക്ക് തീരുമാനമെടുക്കുക പ്രയാസമാണ്. പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലല്ല ഇക്കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കേണ്ടത്. കാര്യങ്ങള്‍ അറിയിക്കാന്‍ ഇതിനേക്കാളും നല്ല മാര്‍ഗങ്ങളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നിരിക്കേ ഇത്തരം കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയുകയല്ല വേണ്ടത്. ഡിആര്‍എസ് ക്രമീകരിക്കണമെങ്കില്‍ കൂടുതല്‍ ക്യാമറകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ വേണം. യൂട്യൂബ് സ്‌ട്രീമിംഗ് വളരെ സാങ്കേതിക സൗകര്യങ്ങള്‍ കുറഞ്ഞ സംവിധാനമാണ്' എന്നും അഞ്ജും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ധാക്കയില്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റമാണ് ഹര്‍മന്‍പ്രീത് കൗറിനെ വിവാദത്തിലാക്കിയത്. സ്‌പിന്നര്‍ നഹിദ അക്തറിന്‍റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് ഹര്‍മന് വിശ്വസിക്കാനായില്ല. ഉടനടി സ്റ്റംപ് തട്ടിത്തെറിപ്പിച്ച് തന്‍റെ പ്രതിഷേധം അറിയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസിംഗ് റൂമിലേക്ക് പോകുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദുമായി തര്‍ക്കിച്ചു. മത്സരം സമനിലയില്‍ അവസാനിച്ച് പരമ്പര 1-1ന് ഇരു ടീമുകളും പങ്കിട്ടെടുത്തപ്പോള്‍ സമ്മാനദാനവേളയിലും ഹര്‍മന് ദേഷ്യം നിയന്ത്രിക്കാനായില്ല. 'അംപയറിംഗ് പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം' എന്നൊക്കെയായിരുന്നു ഈസമയം ഹര്‍മന്‍റെ പ്രതികരണം.
ഇതിലും അവസാനിച്ചില്ല ഹര്‍മന്‍പ്രീത് കൗറിന്‍റെ രോക്ഷം. പരമ്പരയുടെ ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീത് ദേഷ്യം പ്രകടിപ്പിച്ചു. 'ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അംപയര്‍മാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ചത്' എന്നായിരുന്നു ബംഗ്ലാ വനിതാ ടീമിനെ ചൂണ്ടി ഹര്‍മന്‍റെ പ്രതികരണം. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ട് വിടുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഈ സംഭവങ്ങളിലെല്ലാം ഹര്‍മനെതിരെ കടുത്ത നടപടി ഐസിസി സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.
Read more: ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം പരിതാപകരം, നാണക്കേട്, ബിസിസിഐ ശക്തമായ നടപടി എടുക്കണം: മുന്‍ താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം