ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം പരിതാപകരമാണ് എന്ന് മദന്‍ ലാല്‍ 

ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്തായ ശേഷം സ്റ്റംപ് അടിച്ച് തകര്‍ക്കുകയും മത്സരം കഴിഞ്ഞ് അംപയര്‍മാര്‍ക്കെതിരെ തുറന്നടിക്കുകയും ചെയ്‌ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ വിമര്‍ശനം ശക്തം. കടുത്ത നടപടി ഹര്‍മനെതിരെ ഐസിസി സ്വീകരിച്ചേക്കും എന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റനെ അതിരൂക്ഷമായ വാക്കുകള്‍ കൊണ്ടാണ് മുന്‍ താരം മദന്‍ ലാല്‍ നേരിട്ടത്. ഹര്‍മനെതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണം എന്ന് അദേഹം ആവശ്യപ്പെട്ടു. 

'ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം പരിതാപകരമാണ്. ക്രിക്കറ്റിനും മുകളിലല്ല ഹര്‍മന്‍. ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ക്രിക്കറ്റിന് മാനക്കേടുണ്ടാക്കി. ബിസിസിഐ താരത്തിനെതിരെ അതിശക്തമായ നടപടി സ്വീകരിക്കണം' എന്നുമാണ് ട്വിറ്ററിലൂടെ മദന്‍ ലാലിന്‍റെ പ്രതികരണം. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ പുരുഷ ടീമില്‍ അംഗമാണ് മദന്‍ ലാല്‍. 

ധാക്കയിലെ മൂന്നാം ഏകദിനത്തില്‍ പുറത്തായ ശേഷം തന്‍റെ ദേഷ്യമെല്ലാം മൈതാനത്ത് പ്രകടിപ്പിച്ച ഹര്‍മന്‍പ്രീത് കൗര്‍ മത്സര ശേഷം സമ്മാനദാനത്തിനിടെ അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ത്തിയിരുന്നു. മത്സരം നാടകീയ സമനിലയില്‍ അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും ഏകദിന പരമ്പര പങ്കിട്ടെടുത്തു. മത്സരത്തില്‍ ബംഗ്ലാദേശ് സ്‌പിന്നര്‍ നഹിദ അക്തറിന്‍റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്തായത്. എന്നാല്‍ അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച കൗര്‍ പിന്നാലെ സ്റ്റംപ് ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദുമായി ഹര്‍മന്‍പ്രീത് കൗര്‍ കയര്‍ത്തു. 

ഇതിന് ശേഷം സമ്മാനദാനവേളയിലും ഹര്‍മന്‍പ്രീത് കൗര്‍ പൊട്ടിത്തെറിക്കുന്നത് ഏവരും കണ്ടു. 'ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറിംഗ് പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം' എന്നുമായിരുന്നു സമ്മാനവേളയില്‍ ക്ഷണിച്ചപ്പോള്‍ ഹര്‍മന്‍റെ വാക്കുകള്‍. ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീത് ദേഷ്യം പ്രകടിപ്പിച്ചു. 'ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അംപയര്‍മാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ചത്' എന്നായിരുന്നു ഹര്‍മന്‍റെ പ്രതികരണം. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. 

Read more: അംപയറുടെ തീരുമാനത്തിനെതിരെ സ്റ്റംപ് അടിച്ചുപൊളിച്ച് പ്രതിഷേധം; ഹര്‍മന്‍പ്രീത് കൗറിന് ലഭിക്കുക കനത്ത ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം