ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യക്ക് തിരച്ചടിയായി സ്റ്റാര്‍ പേസറുടെ പിന്‍മാറ്റം

By Web TeamFirst Published Jan 21, 2020, 5:22 PM IST
Highlights

ഇഷാന്തിനെ ബിസിസിഐ വീണ്ടും എംആര്‍ഐ പരിശോധനക്ക് വിധേയനാക്കും. ഇതിനുശേഷം മാത്രമെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ചും ഇഷാന്തിന്റെ മടങ്ങി വരവിനെക്കുറിച്ചും ബിസിസിഐ ഔദ്യോഗികമായി പ്രതികരിക്കാനിടയുള്ളു.

ദില്ലി: അടുത്തമാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ നിന്ന് സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ പിന്‍മാറി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കുന്നതിനിടെ കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് തിഹാര പിടിഐയോട് വ്യക്തമാക്കി. വിദര്‍ഭക്കെതിരായ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് ഇഷാന്തിന്റെ കണങ്കാലിന് പരിക്കേറ്റത്.

ഗ്രേഡ് 3 വിഭാഗത്തില്‍പ്പെടുന്ന പരിക്കാണ് ഇഷാന്തിന്റേതെന്നും ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വിനോദ് തിഹാര വ്യക്തമാക്കി. ഇഷാന്തിന്റെ കണങ്കാലില്‍ പൊട്ടലില്ല, നീര് മാത്രമെയുള്ളൂ. എന്നാല്‍ ഇഷാന്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇഷാന്തിനെ ബിസിസിഐ വീണ്ടും എംആര്‍ഐ പരിശോധനക്ക് വിധേയനാക്കും. ഇതിനുശേഷം മാത്രമെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ചും ഇഷാന്തിന്റെ മടങ്ങി വരവിനെക്കുറിച്ചും ബിസിസിഐ ഔദ്യോഗികമായി പ്രതികരിക്കാനിടയുള്ളു. ഈ സാഹചര്യത്തില്‍ അടുത്ത മാസം 21ന് വെല്ലിംഗ്ടണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇഷാന്തിന് കളിക്കാനാവില്ല.

ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഉമേഷ് യാദവും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയിലെ നിര്‍ണായക സാന്നിധ്യമാണ് ഇഷാന്ത്. സീനിയര്‍ താരമെന്ന നിലയില്‍ ബൗളിംഗ് നിരയെ നയിക്കുന്നതും ഇഷാന്തായിരുന്നു. ഇഷാന്തിന്റെ അഭാവം പേസിനെ തുണയ്ക്കുമെന്ന് കരതുന്ന ന്യൂസിലന്‍ഡിലെ പിച്ചുകളില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.

click me!