കോലിയെ തള്ളി ഗാവസ്‌കര്‍; ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാവണമെന്ന് ആവശ്യം

By Web TeamFirst Published Jan 21, 2020, 12:53 PM IST
Highlights

വിക്കറ്റിന് പിന്നില്‍ രാഹുല്‍ തുടരും എന്ന സൂചന കഴിഞ്ഞദിവസം നായകന്‍ വിരാട് കോലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് വിയോജിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍.

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തില്‍ ആരാകും വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുക എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. കെ എല്‍ രാഹുല്‍ തുടരുമോ അതോ ഋഷഭ് പന്തിനെ വീണ്ടും ചുമതല ഏല്‍പിക്കുമോ എന്നതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്. വിക്കറ്റിന് പിന്നില്‍ രാഹുല്‍ തുടരും എന്ന സൂചന കഴിഞ്ഞദിവസം നായകന്‍ വിരാട് കോലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് വിയോജിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഋഷഭ് പന്തിനാണ് മുന്‍ നായകന്‍റെ പിന്തുണ. 

'പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പമാണ് ഞാന്‍. ടീമിനായി ആറാം നമ്പറില്‍ പന്തിന് ഫിനിഷറുടെ റോള്‍ നിറവേറ്റാനാകും. പന്ത് ഇടംകൈയന്‍ ബാറ്റ്സ്‌മാനാണ്. ഫോമിലുള്ള ശിഖര്‍ ധവാന്‍ മാത്രമാണ് നിലവില്‍ ടീമിലുള്ള ഇടംകൈയന്‍. രണ്ട് ഇടംകൈയന്‍മാര്‍ കളിക്കുന്നത് ടീമിന് ഗുണം ചെയ്യും. അതിനാലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി ഋഷഭിനെ നിര്‍ദേശിക്കുന്നത്' എന്നും ഇതിഹാസ താരം വ്യക്തമാക്കി. 

രാഹുലോ പന്തോ...കോലി പറഞ്ഞത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റ്സ്‌മാനായും വിക്കറ്റ് കീപ്പറായും തിളങ്ങിയിരുന്നു കെ എല്‍ രാഹുല്‍. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മൂന്നാമനായി ഇറങ്ങി 47 റണ്‍സെടുത്ത രാഹുല്‍ രാജ്‌കോട്ടിലെ രണ്ടാം മത്സരത്തില്‍ അഞ്ചാം നമ്പറില്‍ 80 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ബെംഗളൂരുവിലെ അവസാന ഏകദിനത്തില്‍ ഓപ്പണറായ രാഹുല്‍ 19 റണ്‍സാണെടുത്തത്. ബൗണ്‍സറേറ്റ് പന്തിന് പരിക്കേറ്റതോടെ രാജ്‌കോട്ടിലും ബെംഗളൂരുവിലും കെ എല്‍ രാഹുലാണ് വിക്കറ്റ് കാത്തത്. 

ഇതോടെ വിക്കറ്റിന് പിന്നില്‍ രാഹുല്‍ തുടരും എന്ന സൂചന നല്‍കിയിരുന്നു നായകന്‍ വിരാട് കോലി. 'കഴിഞ്ഞ മത്സരങ്ങളില്‍ മാറ്റമില്ലാതെയിറങ്ങിയ ടീം മികച്ച പ്രകടനം കാട്ടി. അതിനാല്‍ ടീമില്‍ പൊളിച്ചെഴുത്ത് ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ടീം സന്തുലിതമാണ്, രാഹുല്‍ കീപ്പ് ചെയ്യുന്നത് ടീമിന് ഗുണകരമാണ്, അതിനപ്പുറം ഒന്നും ചിന്തിക്കുന്നില്ല. രാഹുല്‍ ടീമിന് മികച്ച സന്തുലനം കൊണ്ടുവന്നതായും' ബെംഗളൂരുവില്‍ കോലി വ്യക്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിലെ ആദ്യ ടി20യില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകും എന്നാണ് കരുതപ്പെടുന്നത്. 

click me!