
വിശാഖപട്ടണം: ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനും ഫോം വീണ്ടെടുത്ത് വിമര്‍ശകര്‍ക്ക് മറുപടി പറയാനും ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ ഒരു ഗോള്‍ഡൻ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമെടുത്ത സഞ്ജുവിന് നാലാം മത്സരം നിര്‍ണായകമായിരുന്നു. ഇഷാന്‍ കിഷന് പരിക്കേറ്റതോടെ സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കുകയും ചെയ്തു. വിശാഖപട്ടണത്ത് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 215 റണ്‍സെടുത്തപ്പോള്‍ ആദ്യ മൂന്ന് ടി20കളിലേതുപോലെ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി അഭിഷേക് ശര്‍മാണ് സഞ്ജുവിന് പകരം ആദ്യ പന്ത് സ്ട്രൈക്ക് ചെയ്തത്. മാറ്റ് ഹെന്‍റിയുടെ ആദ്യ പന്തില്‍ ക്രീസ് വിട്ടറിങ്ങി സിക്സ് അടിക്കാന്‍ നോക്കിയ അഭിഷേകിനെ ഡെവോണ്‍ കോണ്‍വെ ഓടിപ്പിടിച്ചതോടെ ഇന്ത്യ ഞെട്ടി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബൗണ്ടറി നേടിയാണ് തുടങ്ങിയതെങ്കിലും ആദ്യ ഓവറില്‍ തന്നെ റിട്ടേണ്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടു. ആദ്യ ഓവറില്‍ സ്ട്രൈക്ക് കിട്ടാതിരുന്ന സഞ്ജു ജേക്കബ് ഡഫിയെറിഞ്ഞ രണ്ടാം ഓവറിലാണ് ആദ്യ പന്ത് നേരിട്ടത്. ആദ്യ രണ്ട് പന്തില്‍ റണ്ണെടുക്കാതിരുന്ന സഞ്ജു മൂന്നാം പന്തിലാണ് സിംഗിളെടുത്ത് അക്കൗണ്ട് തുറന്നത്. പിന്നാലെ സൂര്യകുമാര്‍ യാദവ് മടങ്ങി. മാറ്റ് ഹെന്‍റിയെറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറി അടിച്ച സഞ്ജു പ്രതീക്ഷ നല്‍കി.
എന്നാല്‍ ഓരോ പന്തിലും ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് സഞ്ജു ബാറ്റിംഗ് ക്രീസില്‍ പിന്നിലേക്ക് പോകുന്നതിനെ കമന്‍റേറ്റര്‍മാര്‍ വിമര്‍ശിച്ചു. നേരിട്ട ആദ്യ നാലു പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന റിങ്കു സിംഗ് അടുപ്പിച്ച് രണ്ട് സിക്സ് പറത്തി സഞ്ജുവിന്‍റെ സമ്മര്‍ദ്ദമകറ്റി. ഇഷ് സോധിക്കെതിരെ അഞ്ചാം ഓവറില്‍ ഒരു ബൗണ്ടറി കൂടി നേടിയ സഞ്ജു ജേക്കബ് ഡഫിയെറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ തകര്‍പ്പന്‍ സിക്സ് അടിച്ച് പ്രതീക്ഷ നല്‍കി. എന്നാല്‍ അതിന് അധികം ആയുസുണ്ടായില്ല. പവര്‍ പ്ലേക്ക് പിന്നാലെ പന്തെടുത്ത കീവീസ് ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നറുടെ പന്ത് ബാക്ക് ഫൂട്ടിലിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ച സഞ്ജു ക്ലീന്‍ ബൗള്‍ഡായി മടങ്ങി. നല്ല തുടക്കം മുതലാക്കാതെ ഒരിക്കല്‍ കൂടി പുറത്തായതിന്‍റെ നിരാശ മുഴുവന്‍ സഞ്ജുവിന്‍റെ മുഖത്തുണ്ടായിരുന്നു.
ഓരോ പന്ത് നേരിടുമ്പോഴും സഞ്ജു ബാക്ക് ഫൂട്ടിലേക്ക് പോകുന്നതിനെ കമന്‍റേറ്റര്‍മാര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. സഞ്ജുവിന്‍റെ ബാറ്റിംഗില്‍ സാങ്കേതിക പിഴവുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്തായാലും നല്ല തുടക്കം മുതലാക്കാനാവാതെ മടങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇതാണ് കളിയെങ്കിലും തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരത്തില്‍ സഞ്ജുവിന് കരക്കിരുന്ന് കളി കാണേണ്ടിവരുമെന്നും തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാമെന്ന മോഹം എന്നെന്നേക്കുമായി പെട്ടിയില്‍ മടക്കിവെക്കാമെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!