
ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷയുമായി മുന്നേറുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച യുവ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷ് പരിക്കേറ്റ് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ശനിയാഴ്ച ചെപ്പോക്കിൽ നടന്ന മത്സരത്തിനിടെ രാമകൃഷ്ണ ഘോഷിന്‍റെ വലതുകാൽപ്പാദത്തിലെ അസ്ഥിക്ക് പൊട്ടലുണ്ടായെന്നും യുവതാരം ടൂര്‍ണമെന്‍റില്‍ തുടര്‍ന്ന് കളിക്കില്ലെന്നും ചെന്നൈ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസിനെതിരെ ശനിയാഴ്ചയായിരുന്നു രാമകൃഷ്ണ ഘോഷിന്‍റെ ഐപിഎൽ അരങ്ങേറ്റം. തന്‍റെ മൂന്നാം ഓവർ പൂർത്തിയാക്കിയ ശേഷം ഘോഷ് മൈതാനത്ത് നിന്ന് മുടന്തിയാണ് പുറത്തുപോയത്. തുടര്‍ പരിശോധനയിലാണ് കാല്‍പ്പാദത്തിലെ അസ്ഥിക്ക് പൊട്ടല്‍ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് രാമകൃഷ്ണ ഘോഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും സിഎസ്‌കെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈക്കെതിരെ മൂന്ന് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി സൂര്യകുമാർ യാദവിന്‍റെ നിർണ്ണായക വിക്കറ്റ് ഘോഷ് വീഴ്ത്തിയിരുന്നു. കൂടാതെ, വിൽ ജാക്സിനെ പുറത്താക്കാൻ താരം എടുത്ത അത്യുഗ്രൻ ഡൈവിംഗ് ക്യാച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പേസ് ബോളിംഗ് ഓൾറൗണ്ടർ കഴിഞ്ഞ ആഭ്യന്തര സീസണിലെ മികച്ച കണ്ടെത്തലായിരുന്നു. കഴിഞ്ഞ വർഷത്തെ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയിലെ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന പന്ത്രണ്ടാമത്തെ താരം എന്ന റെക്കോർഡ് ഘോഷ് സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ സിഎസ്‌കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ മഹാരാഷ്ട്രക്കായാണ് ഘോഷ് കളിച്ചിരുന്നത്.
ഈ സീസണിൽ പരിക്ക് ചെന്നൈയെ വിടാതെ വേട്ടയാടുകയാണ്. ഇതിനോടകം തന്നെ പ്രധാന താരങ്ങളായ ഖലീൽ അഹമ്മദ്, നഥാൻ എല്ലിസ്, യുവതാരം ആയുഷ് മാത്രെ എന്നിവർ പരിക്കുമൂലം ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. പരിക്കുമൂലം സീസണിലെ ഒരു മത്സരത്തിൽ പോലും ഇതിഹാസ താരം എം.എസ്. ധോണി കളത്തിലിറങ്ങിയിട്ടുമില്ല. ഘോഷിന്‍റെ പകരക്കാരനെ ചെന്നൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!