2008-ൽ പഞ്ചാബ് ടീമിനായി കളിക്കാൻ എത്തിയതോടെയാണ് ബ്രെറ്റ് ലീയും പ്രീതിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. 2010-ൽ തന്നെ പ്രീതി സിന്‍റ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ബ്രെറ്റ് ലീ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
മുംബൈ: ഐ.പി.എല്ലിന്‍റെ ആദ്യ സീസണ്‍ മുതൽ ആരാധകർ ചര്‍ച്ച ചെയ്യുന്ന ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുൻ ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് (പഴയ കിംഗ്സ് ഇലവൻ പഞ്ചാബ്) ഉടമയുമായ പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ബ്രെറ്റ് ലീ തള്ളിക്കളഞ്ഞു. അന്നും ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരു ബോളിവുഡ് നടിയുമായും താൻ ഡേറ്റിംഗിൽ ഏർപ്പെട്ടിട്ടില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.
ഇതൊരു തെറ്റായ വാർത്തയാണ്. ഞാൻ ഒരിക്കലും ഒരു ബോളിവുഡ് നടിയുമായി പ്രണയത്തിലായിരുന്നില്ല. പ്രീതിയും ഞാനും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്. അന്നവർ പഞ്ചാബ് ടീമിന്‍റെ ബോസായിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമതിയായ ഒരു സ്ത്രീയാണവർ. എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്- ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബ്രെറ്റ് ലീ പറഞ്ഞു.
സത്യമെന്താണെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നതിനാൽ ഇത്തരം വ്യാജ വാർത്തകൾ തന്നെ മാനസികമായി ബാധിച്ചിട്ടില്ലെന്നും ആളുകൾക്ക് എന്ത് വേണമെങ്കിലും ഊഹിക്കാമെന്നും ലീ വ്യക്തമാക്കി. 2008-ൽ പഞ്ചാബ് ടീമിനായി കളിക്കാൻ എത്തിയതോടെയാണ് ബ്രെറ്റ് ലീയും പ്രീതിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. 2010-ൽ തന്നെ പ്രീതി സിന്‍റ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ബ്രെറ്റ് ലീ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്ന ലീ കമന്‍റേറ്ററായും ലീഗ് ക്രിക്കറ്റുകളിലും സജീവമാണ്. സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന 'ബട്‌വാര 1947' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രീതി സിന്‍റ.
