
ഗുവാഹത്തി: ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും കനത്ത തിരിച്ചടി. മാര്‍ച്ച് 30-ന് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ് കളിക്കില്ല. പേശിവലിവിനെ തുടര്‍ന്നാണ് താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സീസണിലെ ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങള്‍ ബ്രെവിസിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2.20 കോടി രൂപയ്ക്കാണ് സിഎസ്‌കെ താരത്തെ നിലനിര്‍ത്തിയത്. ആറ് മത്സരങ്ങളില്‍ നിന്ന് 180 സ്‌ട്രൈക്ക് റേറ്റില്‍ 225 റണ്‍സ് കഴിഞ്ഞ തവണ ബ്രെവിസ് നേടിയിരുന്നു. അടുത്തിടെ നടന്ന ടി20 ലോകകപ്പിലും താരം മികച്ച ഫോമിലായിരുന്നു. ബ്രെവിസിന്റെ അഭാവം ചെന്നൈയുടെ മധ്യനിരയെ കാര്യമായി ബാധിച്ചേക്കും.
ബ്രെവിസിനെ കൂടാതെ മറ്റ് പ്രമുഖ താരങ്ങളുടെ പരിക്കും ചെന്നൈയെ ആശങ്കയിലാക്കുന്നുണ്ട്. എം എസ് ധോണിക്ക് കണങ്കാലിനേറ്റ പരിക്ക് കാരണം സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ നഷ്ടമാകും. പരിക്ക് മൂലം സീസണ്‍ മുഴുവന്‍ പുറത്തായ എല്ലിസിന് പകരം സ്പെന്‍സര്‍ ജോണ്‍സണെ ടീമിലെടുത്തിട്ടുണ്ടെങ്കിലും, അദ്ദേഹം ഏപ്രില്‍ അവസാനത്തോടെ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ.
2025ലെ ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. വെറും നാല് ജയങ്ങള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ ടീമിന് നേടാനായത്. പുതിയ സീസണില്‍ ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുന്ന ടീമിന് സീസണിന്റെ തുടക്കത്തില്‍ തന്നെ നേരിടേണ്ടി വരുന്ന ഈ പരിക്കുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!