നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ മറ്റൊരു വലിയ ടൂർണമെന്‍റിനായി മാറ്റിവെക്കാൻ സമയമില്ലെന്നായിരുന്നു ബിസിസിഐ അടക്കമുള്ള പ്രബല ബോർഡുകളുടെ നിലപാട്.
ദുബായ്: ചാമ്പ്യൻസ് ലീഗ് ടി20 മാതൃകയിൽ ആഗോള ഫ്രാഞ്ചൈസി ടൂർണമെന്‍റ് വീണ്ടും നടത്താനുള്ള നീക്കത്തിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിന്മാറി. ആഗോള ക്രിക്കറ്റിലെ പ്രബല ടീമുകളായ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്‍റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഒരുമിച്ച് എതിര്‍ത്തതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കാൻ ഐസിസി നിർബന്ധിതരായത്. 2031 വരെ ഇത്തരം ബഹുരാഷ്ട്ര ടൂർണമെന്‍റുകളോ പുതിയ ആഗോള ലീഗുകളോ ഐസിസി സംഘടിപ്പിക്കില്ലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്കു.
വിവിധ രാജ്യങ്ങളിലെ പ്രധാന ടി20 ഫ്രാഞ്ചൈസി ലീഗുകൾക്ക് നിലവിൽ ഐസിസിക്ക് വരുമാനവിഹിതം നൽകേണ്ടതില്ല. അതിൽ നിന്നും പുതിയ മാധ്യമ അവകാശ കരാറുകളിലൂടെയും സ്വന്തമായി വരുമാനം വർധിപ്പിക്കാനാണ് ഐസിസി ക്ലബ് ലോകകപ്പ് മാതൃകയിൽ ഒരു ആഗോള ചാമ്പ്യൻസ് ലീഗ് ടൂർണമെന്‍റ് തിരികെ കൊണ്ടുവരാൻ പദ്ധതിയിട്ടത്. ദ്വിരാഷ്ട്ര ടി20 പരമ്പരകള്‍ക്ക് പകരം നാല് രാജ്യങ്ങൾ പങ്കാളികളാകുന്ന ടി20 ടൂർണമെന്‍റുകൾ സംഘടിപ്പിക്കാനും ഐസിസി ഉദ്ദേശിച്ചിരുന്നു.
നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ മറ്റൊരു വലിയ ടൂർണമെന്‍റിനായി മാറ്റിവെക്കാൻ സമയമില്ലെന്നായിരുന്നു ബിസിസിഐ അടക്കമുള്ള പ്രബല ബോർഡുകളുടെ നിലപാട്. പുതിയ ടൂർണമെന്‍റുകൾ കൊണ്ടുവരണമെങ്കിൽ വേൾഡ് കപ്പ്, ചാമ്പ്യൻസ് ട്രോഫി പോലെയുള്ള ഐസിസിയുടെ നിലവിലുള്ള ടൂർണമെന്‍റുകളുടെ വലുപ്പം കുറയ്ക്കണമെന്ന് ഇവർ നിലപാടെടുത്തു. സ്വന്തം ഫ്രാഞ്ചൈസി ലീഗുകളായ ഐപിഎൽ, ബിഗ് ബാഷ് തുടങ്ങിയവയുടെ നിയന്ത്രണവും വരുമാനവും ഐസിസിക്ക് മുന്നിൽ വിട്ടുകൊടുക്കാൻ ഈ മൂന്ന് രാജ്യങ്ങളും തയ്യാറല്ലെന്ന സൂചന കൂടിയാണ് ഈ നീക്കം നൽകുന്നത്.
2009 മുതൽ 2014 വരെ പ്രവർത്തിച്ചിരുന്ന ചാമ്പ്യൻസ് ലീഗ് ടി20 സാമ്പത്തിക നഷ്ടവും കുറഞ്ഞ കാഴ്ചക്കാരും കാരണമാണ് മുൻപ് നിർത്തിവെച്ചത്. പുതിയ തീരുമാനത്തോടെ 2027-2031 വർഷങ്ങളിലെ ഫ്യൂച്ചർ ടൂർ പ്രോഗ്രാമിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ പഴയപടി തുടരും.