വീണ്ടും പരിക്ക്; ലോകകപ്പ് ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ പുറത്ത്

By Web TeamFirst Published May 7, 2019, 5:13 PM IST
Highlights

വിരലിന് പരിക്കേറ്റ പേസര്‍ എന്‍‌റിച്ച് നോര്‍ജെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പോര്‍ട്ട് എലിസബത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

പോര്‍ട്ട് എലിസബത്ത്: ഏകദിന ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കേ ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത പ്രഹരം. വിരലിന് പരിക്കേറ്റ പേസര്‍ എന്‍‌റിച്ച് നോര്‍ജെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പോര്‍ട്ട് എലിസബത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. എന്‍‌റിച്ചിനെ ഉടന്‍ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. 

പരിക്ക് മാറാന്‍ ആറ് മുതല്‍ എട്ട് ആഴ്‌ച വരെ താരത്തിന് വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ എന്‍‌റിച്ച് നോര്‍ജെ ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ലുങ്കി എങ്കിടി, കാഗിസോ റബാഡ എന്നിവരും പരിക്കിന്‍റെ പിടിയിലാണ്.

പേസ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ മോറിസ് 2018 ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി ഏകദിനം കളിച്ചത്. ഐപിഎല്ലില്‍ കാര്യമായ മികവ് കാട്ടാനായില്ലെങ്കിലും മോറിസില്‍ ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്‍ന്‍റും സെലക്‌ടര്‍മാരും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. 

click me!