മറ്റൊരു റെക്കോഡിനരികെ രോഹിത് ശര്‍മ; പിന്തള്ളുക സൗരവ് ഗാംഗുലിയെ

By Web TeamFirst Published Jan 18, 2020, 3:20 PM IST
Highlights

നിര്‍ണായകമായ മൂന്നാം ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടാനിരിക്കെ മറ്റൊരു റെക്കോഡിനരികിലാണ് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുകയെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

ബംഗളൂരു: നിര്‍ണായകമായ മൂന്നാം ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടാനിരിക്കെ മറ്റൊരു റെക്കോഡിനരികിലാണ് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുകയെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നാല് റണ്‍സ് കൂടി നേടിയാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിനാവും.

216 ഏകദിനങ്ങളില്‍ നിന്നും 8996 റണ്‍സാണ് ഇപ്പോള്‍ ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്. 228 ഇന്നിങ്സുകളിലാണ് ഗാംഗുലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരാണ് ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. എന്നാല്‍ രോഹിത്തിന് പരിക്ക് അലട്ടുന്നുണ്ട്. 

രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ ഇടത് തോളിന് പരിക്കേല്‍ക്കുകയായിരുന്നു. താരം കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും രോഹിത് ബംഗളൂരുവില്‍ കളിക്കുമെന്നും ക്യാപ്റ്റന്‍ വിരാട് കോലി അറിയിച്ചിരുന്നു. പൂര്‍ണ ഫിറ്റല്ലെങ്കില്‍ മൂന്നാം ഏകദിനത്തില്‍ നിന്നും ഹിറ്റ്മാന്‍ പിന്‍മാറാന്‍ സാധ്യതയുണ്ട്. പകരം കേദാര്‍ ജാദവായിരിക്കും ടീമിലെത്തുക.

click me!