ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള യോഗ്യതകള്‍ ഇവയാണ്

By Web TeamFirst Published Jul 16, 2019, 9:40 PM IST
Highlights

ജൂലൈ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍, ഫിസിയോ, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നീ പദവികളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെത്തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. വെസ്റ്റ് ഇന്‍ഡ‍ീസ് പര്യടനത്തോടെ നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍, ഫിസിയോ, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നീ പദവികളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ പരിശീലകസ്ഥാനത്ത് കുറഞ്ഞത് രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ച വ്യക്തിയായിരിക്കണം, അല്ലെങ്കില്‍ ഐസിസി അസോസിയേറ്റ് രാജ്യത്തിന്റെ പരിശീലകനോ, ഐപിഎല്ലിലോ തതുല്യമായ ലീഗുകളിലെയോ പരിശീലകനായിട്ടുള്ള ആളായിരിക്കണം.

അല്ലെങ്കില്‍ ലീഗുകളില്‍, ഫസ്റ്റ് ക്ലാസ് ടീമുകളില്‍, ദേശിയ എ ടീമുകളില്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും പരിശീലക പദവിയിലിരുന്നിട്ടുള്ള വ്യക്തിയായിരിക്കണം. കുറഞ്ഞത് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിട്ടുള്ള വ്യക്തിയായിരിക്കണം അല്ലെങ്കില്‍ പരിശീലകര്‍ക്കുള്ള ബിസിസിഐയുടെ ലെവല്‍-3 സര്‍ട്ടിഫിക്കറ്റ് നേടിയ ആളായിരിക്കണം. പ്രായപരിധി 60 വയസില്‍ കൂടരുത്. ബാറ്റിംഗ് പരിശീലകന്‍ കുറഞ്ഞത് 10 ടെസ്റ്റുകളോ 25 ഏകദിനങ്ങളോ കളിച്ചിട്ടുള്ള വ്യക്തിയായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

click me!