
ബ്യൂണസ് അയേഴ്‌സ്: ലിയോണല്‍ മെസിക്ക് ആജീവനാന്ത ആദരമൊരുക്കാന്‍ അര്‍ജന്റീന. മെസി വിരമിക്കുമ്പോള്‍ പത്താം നമ്പര്‍ ജഴ്‌സിയും പിന്‍വലിക്കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കം. പെലെയും മറഡോണയും സിദാനുമടക്കമുള്ള ഇതിഹാസങ്ങള്‍ അനശ്വരമാക്കിയ പത്താം നമ്പര്‍. സമകാലിക ഫുട്‌ബോളില്‍ പത്താം നമ്പറിന്റെ നേരവകാശിയാണ് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി.
രാജ്യത്തിന് ലോകകപ്പ്, ഫൈനലിസിമ, കോപ്പ അമേരിക്ക കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ ബൂട്ടഴിക്കുമ്പോള്‍ പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കം. തീരുമാനം മെസിക്കുള്ള ആജീവനാന്ത ആദരമെന്ന് വ്യക്തമാക്കുന്നു എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ. ഇനിയൊരു താരത്തെ അര്‍ജന്റൈന്‍ ടീമില്‍ പത്താം നമ്പര്‍ ജഴ്‌സി ധരിക്കാന്‍ അനുവദിക്കില്ല. ഇത് മെസിക്കുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമെന്നും ടാപ്പിയ.
ആദ്യമായല്ല അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാനുള്ള നീക്കം നടത്തുന്നത്. 2002ല്‍ മറഡോണയോടുള്ള ആദര സൂചകമായി പത്താം നന്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ എഎഫ്എ ശ്രമിച്ചിരുന്നു. ഒന്നുമുതല്‍ 23 വരെയുള്ള നമ്പറുകള്‍ നിര്‍ബന്ധമായും താരങ്ങള്‍ക്ക് നല്‍കണമെന്ന ഫിഫ നിയമം കാരണം ഇതു നടന്നില്ല. മെസി വിരമിക്കുമ്പോള്‍ ഫിഫ നിയമം അര്‍ജന്റീന ഏങ്ങനെ മറികടക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ച മെസി രാജ്യത്തിനായി 180 കളിയില്‍ നിന്ന് 106 ഗോള്‍ നേടിയിട്ടുണ്ട്.
ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മെസി. ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ജനുവരി പത്തൊന്‍പതിന് ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!