മങ്കാദിംഗ് തെറ്റല്ല, പക്ഷെ ഞാനത് ചെയ്യില്ല, തുറന്നു പറഞ്ഞ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

By Web TeamFirst Published Jan 18, 2023, 9:50 AM IST
Highlights

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക 98ല്‍ നില്‍ക്കെ മുഹമ്മദ് ഷമി മങ്കാദിംഗിലൂടെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതില്‍ ഇടപെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്‍ ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കുകയും ഷനകയെ ക്രീസില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത പന്തില്‍ ഷനക സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

മുംബൈ: ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്ന മങ്കാദിംഗ് രീതിയെ താന്‍ അനുകൂലിക്കുന്നുവെന്ന് രഞ്ജി ട്രോഫിയില്‍ ഗോവയുടെ താരമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. രഞ്ജി ട്രോഫിയില്‍ ഗോവ-സര്‍വീസസ് മത്സരത്തിലെ രണ്ടാം ദിനത്തിലെ കളിക്കുശേഷം ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ കൂടിയായ അര്‍ജ്ജുന്‍റെ പ്രതികരണം. മത്സരത്തില്‍ ഗോവക്കായി അര്‍ജ്ജുന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

മങ്കാദിംഗ് തെറ്റല്ലെങ്കിലും വ്യക്തിപരമായി താന്‍ അത് ചെയ്യില്ലെന്നും അര്‍ജ്ജുന്‍ പറഞ്ഞു. കാരണം അത് ഒരു പേസ് ബൗളറുടെ ഊര്‍ജ്ജം നഷ്ടമാക്കുന്ന പ്രവര്‍ത്തിയാണ്. കാരണം, പന്തെറിയാനായി ഇത്രയും ദൂരം ഓടിയെത്തിയശേഷം പിന്നെ ബെയില്‍സിളക്കാനായി സമയം നഷ്ടമാക്കാന്‍ ഞാനില്ല. പക്ഷെ മറ്റാരു ചെയ്താലും ഞാനതിനെ പിന്തുണക്കുകയും ചെയ്യും-അര്‍ജ്ജുന്‍ പറഞ്ഞു.

ഇന്ത്യയുടെ ലക്ഷ്യം പരമ്പര നേട്ടം മാത്രമല്ല; ഒത്തുപിടിച്ചാല്‍ ഒന്നാം റാങ്കും ഇങ്ങ് പോരും- സാധ്യതകള്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക 98ല്‍ നില്‍ക്കെ മുഹമ്മദ് ഷമി മങ്കാദിംഗിലൂടെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതില്‍ ഇടപെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്‍ ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കുകയും ഷനകയെ ക്രീസില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത പന്തില്‍ ഷനക സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

മങ്കാദിംഗ് ഐസിസി നിയമവിധേയമാക്കിയെങ്കിലും ക്രിക്കറ്റ് ലോകം ഇപ്പോഴും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. മാന്യമല്ലാത്ത കളിയെന്ന പേരില്‍ പലരും പ്രയോഗിക്കാന്‍ മടിച്ചിരുന്നതായിരുന്നു മങ്കാദിംഗ്. എന്നാല്‍ ഐപിഎല്‍ മത്സരത്തിനിടെ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതോടെയാണ് ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. മങ്കാദിംഗിനെ പിന്തുണച്ച് അര്‍ജ്ജുന്‍റെ പിതാവായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരത്തെ രംഗത്തുവന്നിട്ടുണ്ട്. മങ്കാദിംഗ് ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കാത്തത കളിയൊന്നുമല്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!